ഒരു കൊലമാസ് കരോൾ സംഘം; ഈ ക്രിസ്മസ് അപ്പൂപ്പൻ ലഹരിമാഫിയകളുടെ അന്തകൻ!
Monday, December 19, 2016 9:43 AM IST
പാതിരാവിൽ ജിംഗിൾ ബെൽസിന്റെ സംഗീതവും പൊഴിച്ച് സാന്തായെത്തും. കൂടെ കിന്നരവും തപ്പും തകിലുകളുമായി ഗായകസംഘവും. ഉറക്കം പിടിച്ചു തുടങ്ങിയ തെരുവോരങ്ങളുടെ ഉള്ളറകളിലെത്തിക്കഴിയുമ്പോൾ കരോൾ സംഘത്തിന്റെ ഭാവം മാറും. രൂപവും. സമ്മാന ബാഗിലൊളിപ്പിച്ച മഴുവെടുത്ത് സാന്താ ലഹരി മാഫിയകളുടെ ഒളിസങ്കേതങ്ങളുടെ വാതിലുകൾ തച്ചുതകർക്കും. കിന്നരങ്ങളിലൊളിപ്പിച്ച തോക്കും ആയുധങ്ങളുമായി ഗായക സംഘവും കുറ്റവാളികളെ നേരിടും. ഒരു പാട്ട് പാടിത്തീരുന്ന സമയത്തിനുള്ളിൽ അവർ ഒരു അധോലോകസംഘത്തെ മുഴുവൻ കീഴടക്കും.

സിനിമാക്കഥയല്ല ഈ പറഞ്ഞത്. തെക്കേ അമേരിക്കൻ രാജ്യമായ പെറുവിന്റെ തലസ്‌ഥാനമായ ലിമയിൽ ലഹരി–ഗുണ്ടാസംഘങ്ങളെ നേരിടാനായി സർക്കാർ രൂപം കോടുത്ത പ്രത്യേക പോലീസ് സംഘത്തിന്റെ പ്രവർത്തന രീതിയാണിത്. ’സാന്താ കോപ്പ്’ എന്നാണ് ഈ പ്രത്യേക സായുധ സംഘത്തിന്റെ പേര്. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ സാന്തായുടെ വേഷമൊക്കെ ധരിച്ചായിരിക്കും ഇവരെത്തുക.

ക്രിസ്മസ് സീസൺ ആകുന്നതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ലഹരിമരുന്നു കച്ചവടവും പെണവാണിഭവും ഗുണ്ടാവിളയാട്ടവും വർധിക്കുന്നതായുള്ള വിവരങ്ങളുടെ അടിസ്‌ഥാനത്തിലാണ് സാന്താ സേനയെ കളത്തിലിറക്കാൻ സർക്കാർ തീരുമാനിച്ചത്. രാജ്യത്തിന്റെ മുക്കിലും മൂലയിലും വരെ കരോൾ സംഘങ്ങൾ കറങ്ങിനടക്കാറുള്ളതിനാൽ പോലീസ് സംഘത്തെ തിരിച്ചറിയാൻ അധോലോക സംഘങ്ങൾക്ക് കഴിയാതെ വരും. ഈ സാഹചര്യം മുതലെടുത്താണ് സാന്താ കോപ്പിന്റെ പ്രവർത്തനം. സാന്താ കോപ്പിന് നേതൃത്വം കൊടുക്കുന്ന കേണൽ ജോർജ് അങ്കുലോ ക്രിസ്മസ് അപ്പൂപ്പന്റെ വേഷമണിഞ്ഞ് ലഹരി സംഘത്തെ പിടികൂടുന്ന ഒരു സ്റ്റിംഗ് ഓപ്പറേഷന്റെ വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.