കള്ളക്കേസിൽ നിന്ന് ടാക്സി ഡ്രൈവറെ രക്ഷിച്ച യുവതി സോഷ്യൽ മീഡിയയിലെ താരം
Wednesday, November 30, 2016 7:48 AM IST
കള്ളക്കേസിൽ കുടുങ്ങി ജീവിതം തകരുമായിരുന്ന ഒരു നിരപാരാധിയെ രക്ഷിച്ചതിന്റെ ചാരിതാർഥ്യത്തിലാണ് ഹിമാനി ജെയ്ൻ എന്ന മുബൈ സ്വദേശിനി. ’പെണ്ണുകേസിലെ പ്രതി’ എന്നു സമൂഹം ചാപ്പകുത്തുന്നതിന് മുമ്പേ വാസ്തവമറിയിച്ച് യൂബർ ടാക്സി ഡ്രൈവറെ രക്ഷപെടുത്തിയ കഥ ഹിമാനി തന്നെയാണ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതും.

സംഭവം ഇങ്ങനെ: ഓൺലൈൻ ടാക്സി ആപ്ലിക്കേഷനായ യൂബറിൽ ടാക്സി ബുക്ക് ചെയ്ത ഹിമാനിക്ക് മറ്റൊരു യുവതിയുമായി ടാക്സി ഷെയർ ചെയ്തുളള ട്രിപ്പാണ് ലഭിച്ചത്. വളരെ മാന്യമായി പെരുമാറിയിരുന്ന ടാക്സി ഡ്രൈവറോട് ഹിമാനിക്കൊപ്പമുണ്ടായിരുന്ന യുവതി കുറച്ച് കഴിഞ്ഞപ്പോൾ ടാക്സി പോകേണ്ട റൂട്ട് സംബന്ധിച്ച് തർക്കമുന്നയിക്കാൻ തുടങ്ങി. ആപ്ലിക്കേഷനിൽ നൽകിയിരിക്കുന്ന റൂട്ട് പ്രകാരമേ യാത്ര യുടരാനാവൂ എന്നും മറ്റു വഴികൾ തിരഞ്ഞടുക്കാൻ തനിക്ക് നിർവാഹമില്ലെന്നും ഡ്രൈവർ അറിയിച്ചെങ്കിലും യുവതി അടങ്ങിയില്ല. താൻ പറയുന്ന വഴിയേ പോയില്ലെങ്കിൽ പോലീസ് സ്റ്റേഷനിലേക്കു വണ്ടി വിടണമെന്നായി യുവതി. കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്താൻ ശ്രമിച്ച ഹിമാനിയോടും യുവതി കയർത്തു.

യാത്ര തുടരാനാകാത്ത സ്‌ഥിതി വന്നതോടെ ഹിമാനിയോട് മറ്റൊരു ടാകസിയിൽ യാത്ര തുടരാൻ ഡ്രൈവർ അഭ്യർഥിച്ചു. വണ്ടി നിർത്തിയ ശേഷവും യുവതി ബഹളം തുടർന്നതോടെ ആളുകൾ കൂടി. പോലീസുമെത്തി. ഡ്രൈവർ തന്നെ അകാരണമായി തെറിവിളിച്ചു, ആക്രമിച്ചു എന്നൊക്കെയായിരുന്നു യുവതി നാട്ടുകരോടും പോലീസുകാരോടും പറഞ്ഞത്. ഇത്തരം കേസുകളിൽ സ്ത്രീകളുടെ വാദമായിരിക്കും പോലീസ് വിശ്വസിക്കുക എന്ന് നന്നായി അറിയാമായിരുന്ന ഹിമാനി നടന്ന കാര്യങ്ങൾ പറയാൻ യുവതിക്കും ഡ്രൈവർക്കുമൊപ്പം പൊവായി പോലീസ് സ്റ്റേഷനിലേക്കു പോയി.

കാര്യങ്ങൾ വിശദീകരിച്ച ഹിമാനിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് അവരോട് പൊയ്ക്കോളാൻ പറഞ്ഞു. എന്നാൽ ഡ്രൈവർക്കെതിരെ നടപടിയൊന്നും ഉണ്ടാവില്ലെന്ന് ഉറപ്പും വരുത്തുംവരെ പോലീസ് സ്റ്റേഷനിൽ തുടരാൻ തീരുമാനിച്ച ഹിമാനിക്കു അർധരാത്രി 12നാണ് അവിടെനിന്നു പോരാൻ സാധിച്ചത്. ഇത്തിരി ബുദ്ധിമുട്ടിയെങ്കിലും വലിയൊരു ദുരിതത്തിൽ നിന്നു സാധരണക്കാരനായ ടാക്സി ഡ്രൈവറെ രക്ഷക്കാനായതിന്റെ സന്തോഷത്തിലാണ് ഹിമാനി. സംഭവം സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ ഹിമാനിക്ക് നാനാദേശത്തുനിന്നും അഭിനന്ദന പ്രവാഹമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.