ഭയം മരണമാണ്, ഭീരുക്കളായി ജീവിക്കാൻ ഞങ്ങൾ തയാറല്ല: ഡബ്ല്യുസിസി
Wednesday, December 20, 2017 4:10 AM IST
കസബ എന്ന സിനിമയെ കുറിച്ച് നടി പാർവതിയുടെ പരാമർശങ്ങൾ വിവാദമായ സാഹചര്യത്തിൽ വിമർശകർക്ക് മറുപടിയുമായി വിമൻ ഇൻ സിനിമാ കളക്ടീവ് (ഡബ്ല്യുസിസി) രംഗത്ത്. ഭയം മരണമാണ്, ഭീരുക്കളായി ജീവിക്കാൻ ഞങ്ങൾ തയാറല്ല. സ്ത്രീ സമൂഹത്തെ തുല്യമായി കാണാൻ സഹിഷ്ണുതയില്ലാത്ത ആണ്‍കോയ്മയോടാണ് ഞങ്ങൾ കലഹിക്കുന്നതെന്നും ഫേസ്ബുക്ക് പോസ്റ്റിൽ ഡബ്ല്യുസിസി വ്യക്തമാക്കുന്നു.

എപ്പോഴൊക്കെ WCC അടിസ്ഥാന അവകാശ നിഷേധം ചൂണ്ടിക്കാണിച്ചിട്ടുണ്ടോ അപ്പോഴൊക്കെ ഇന്ത്യയിലെ ഏറ്റവും പരിഷ്കൃത സമൂഹം എന്നൂറ്റം കൊള്ളുന്ന ഈ സംസ്ഥാനത്ത് ആൺകോയ്മ എത്ര കഠിനമായി നിലനിൽക്കുന്നു എന്ന് തെളിയിക്കപ്പെട്ടു കൊണ്ടേയിരിക്കുന്നുവെന്നും ഉള്ളതിനും ഇല്ലാത്തതിനും വിമൻ ഇൻ സിനിമ കളക്ടീവ് എന്ന സംഘടനയെ കുറ്റപ്പെടുത്തുമ്പോൾ അതിൽ അംഗങ്ങളായ ഓരോരുത്തരുടെയും ചിന്തകളെ വാസ്തവ വിരുദ്ധമായി വിമർശിക്കുമ്പോൾ മറ നീക്കി പുറത്തു വരുന്നത് എന്താണെന്ന് കാണാൻ സവിശേഷബുദ്ധി ആവശ്യമില്ലെന്നും ഡബ്ല്യുസിസി പോസ്റ്റിൽ പറയുന്നു.

ഈ സംഘടന പുരുഷവർഗത്തിനോ സമൂഹത്തിലെ ഏതെങ്കിലും വ്യക്തികൾക്കോ എതിരല്ല. ഞങ്ങൾ കലഹിക്കുന്നത് ആൺകോയ്മ നിലനിർത്തുന്ന ഘടനകളോടാണ്. സ്ത്രീ സമൂഹത്തെ തുല്യമായി കാണാൻ സഹിഷ്ണുതയില്ലാത്ത സംസ്കാരത്തോടാണ്. തുല്യതയ്ക്ക് എതിരു നിൽക്കുന്ന ഈ മനോഭാവം മാറിയേ തീരൂ. റിമയും സജിതയും ദീദിയും ഇപ്പോൾ പാർവതിയും ഇതു തന്നെയാണ് പറഞ്ഞതെന്നും ഫേസ്ബുക്ക് പോസ്റ്റ് പറയുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.