മാലിന്യക്കൂമ്പാരത്തില്‍ നിന്നു കിട്ടിയ ആറുമാസം പ്രായമുള്ള സുന്ദരിക്കുഞ്ഞിന് ഇപ്പോള്‍ അവകാശികളുടെ ബഹളം
Friday, February 16, 2018 4:52 PM IST
കുപ്പത്തൊട്ടിയിലെ മാണിക്യം എന്ന പ്രയോഗം കേട്ടിട്ടില്ലേ. കഴിഞ്ഞ ഏതാനുംദിവസങ്ങളായി സമൂഹമാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് അങ്ങനെയൊരു മാണിക്യത്തെക്കുറിച്ചാണ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആഗ്ര-മുറാദാബാദ് ഹൈവേ പരിസരത്തെ മാലിന്യക്കൂമ്പാരത്തില്‍ ആറുമാസം പ്രായമുള്ള ഒരു പെണ്‍കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിന്‍റെ മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമത്തിന്‍റെ ഭാഗമായി അവളുടെ ചിത്രം സഹിതമാണ് സമൂഹമാധ്യമങ്ങളില്‍ ഇതു സംബന്ധിച്ച വാര്‍ത്തകള്‍ പ്രചരിച്ചത്.

കുപ്പത്തൊട്ടിയിലെ മാണിക്യം, വൈഡൂര്യം എന്നൊക്കെ വിശേഷിപ്പിക്കപ്പെട്ട കുഞ്ഞിന്‍റെ അവകാശത്തിനായി വിദേശത്തു താമസിക്കുന്ന ദമ്പതികളുള്‍പ്പെടെ നൂറുകണക്കിന് ആളുകളാണ് രംഗത്തെത്തിയിരിക്കുന്നത്. കുഞ്ഞിനെ ദത്തെടുക്കാന്‍ തയാറാണെന്ന് പറഞ്ഞുകൊണ്ട് നിരവധി ദമ്പതിമാര്‍ രംഗത്തുവരുന്നുണ്ടെങ്കിലും കുഞ്ഞിന്‍റെ യഥാര്‍ഥ അവകാശികളെ കണ്ടെത്തണമെന്ന വാശിയിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍.

ഇപ്പോള്‍ റാംപൂരിലെ അനാഥാലയത്തിലാണ് ഈ കുഞ്ഞ് വളരുന്നത്. പാരി എന്നാണ് അനാഥാലയത്തിലെ ജീവനക്കാര്‍ അവള്‍ക്കിട്ടപേര്. കുഞ്ഞിന്‍റെ യഥാര്‍ഥ മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെയിലാണ് അനാഥാലയത്തിലെ സൂപ്രണ്ട് രാകേഷ് സക്‌സേനയെത്തേടി ഒരു അജ്ഞാത ഫോണ്‍സന്ദേശമെത്തുന്നത്. കുഞ്ഞിന്‍റെ മാതാപിതാക്കളുടെ സുഹൃത്താണ് താനെന്നും ഡെറാഡൂണ്‍ സ്വദേശികളായ ദമ്പതികളുടേതാണ് കുഞ്ഞെന്നുമാണ് അജ്ഞാതന്‍ പോലീസിനോട് വെളിപ്പെടുത്തിയത്. പത്രത്തിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും കുഞ്ഞിന്‍റെ ചിത്രം കണ്ട് തിരിച്ചറിഞ്ഞതിനാലാണ് താനിക്കാര്യം അറിയിക്കുന്നതെന്നും അയാള്‍ പറഞ്ഞു.

കുഞ്ഞിന്‍റെ മാതാപിതാക്കളെ ബന്ധപ്പെടാനുള്ള ടെലിഫോണ്‍ നമ്പറും അയാള്‍ നല്‍കി. അജ്ഞാതനെക്കുറിച്ചു ലഭിച്ച വിവരങ്ങളത്രയും രാകേഷ് സക്‌സേന ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് കൈമാറി. നൈനിറ്റാളില്‍ താമസിക്കുന്ന താന്‍ ഡെറാഡൂണിലാണ് ജോലി ചെയ്യുന്നത് എന്നാണ് അയാള്‍ അനാഥാലയത്തിലെ അധികൃതരോട് പറഞ്ഞത്. അനാഥാലയത്തിലെ സൂപ്രണ്ട് ചില വിവരങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും അതിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തുന്ന അന്വേഷണത്തില്‍ കുഞ്ഞിന്‍റെ മാതാപിതാക്കളെ എത്രയും വേഗം കണ്ടെത്താന്‍ കഴിയുമെന്നും മുറാദാബാദ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ പ്രസിഡന്‍റ് വിശദീകരിച്ചു.എന്തായാലും കുഞ്ഞിന്‍റെ മാതാപിതാക്കളെ കണ്ടെത്തിയശേഷം മാത്രമേ കുഞ്ഞിന്‍റെ കാര്യത്തില്‍ എന്തെങ്കിലും നടപടികള്‍ കൈക്കൊള്ളുകയുള്ളൂവെന്നും അതുവരെ അവള്‍ സുരക്ഷിതയായി അനാഥാലയത്തില്‍ കഴിയട്ടെയെന്നുമാണ് അധികൃതരുടെ വിശദീകരണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.