ഹിറ്റ് കൂട്ടുകെട്ടിനൊപ്പം പൃഥ്വി വീണ്ടും ബോളിവുഡിൽ
Sunday, August 28, 2016 3:37 AM IST
മലയാളത്തിലെ തിരക്കേറിയ യുവതാരം പൃഥ്വിരാജ് വീണ്ടും ബോളിവുഡിലേക്ക്. ബ്ലോക്ബസ്റ്റർ ചിത്രമായ ബേബിയുടെ അടുത്ത ഭാഗത്തിൽ പൃഥ്വിയാകും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്നാണ് റിപ്പോർട്ട്. മീര എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. മനോജ് ബാജ്പേയി, ബേബിയിലെ നായിക താപ്സി പന്നു എന്നിവരും പ്രധാന വേഷങ്ങളിലെത്തും. ബേബിയിലെ നായകൻ അക്ഷയ് കുമാറും ചിത്രത്തിൽ പ്രത്യക്ഷപ്പെടുമെന്നാണ് ബോളിവുഡിൽ നിന്നു ലഭിക്കുന്ന സൂചനകൾ.

അതേസമയം, മീരയിലെ പൃഥ്വിയുടെ കഥാപാത്രത്തെ സംബന്ധിച്ച് വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. 2012ൽ പുറത്തിറങ്ങിയ അയ്യാ എന്ന ചിത്രത്തിലൂടെയാണ് പൃഥ്വിരാജ് ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. റാണി മുഖർജിയായിരുന്നു നായിക. പിന്നീട് 2013ൽ ഔറംഗസേബ് എന്ന ചിത്രത്തിൽ ഋഷി കപൂറിനും ജാക്കി ഷ്റോഫിനും അർജുൻ കപൂറിനുമൊപ്പം പ്രധാന വേഷത്തിൽ പൃഥ്വിയെത്തി. പിന്നീട് ഷാരൂഖ് ഖാൻ നായകനായ ഹാപ്പി ന്യൂ ഇയറിൽ പൃഥ്വിരാജിന് വിളി വന്നെങ്കിലും വസന്ത ബാലന്റെ തമിഴ് ചിത്രം കാവ്യ തലൈവനു വേണ്ടി ആ അവസരം താരം വേണ്ടെന്നുവയ്ക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.