ജോർജിന്റെ പെണ്ണുങ്ങൾ! മലയാള സിനിമയിലെ മാറ്റക്കാഴ്ചകൾ
ജോർജ് സഖറിയ
Monday, September 25, 2023 12:54 PM IST
കണ്ണാടിയുടെ മുമ്പിൽ നിന്നുകൊണ്ട്, സ്വന്തം ശരീരത്തിൽ വരുന്ന മാറ്റങ്ങൾ കൗമാരക്കാരിയായ ഒരു പെൺകുട്ടി അഭിമാനത്തോടെയും താരതമ്യഭാവം കലർന്ന മുഖത്തോടെയും ആസ്വദിക്കുന്നത് സിനിമകളിൽ പലയാവർത്തി കണ്ടിട്ടുള്ള രംഗമാണ്.
എന്നാൽ, കപട സദാചാരത്തിന്റെ മേലങ്കി അണിഞ്ഞിരുന്ന മലയാള സിനിമയ്ക്ക് 1980-കളുടെ തുടക്കത്തിൽ അതിശക്തമായ രീതിയിൽ അത്തരമൊരു രംഗം സമ്മാനിച്ച കെ.ജി. ജോർജ് ബഹളങ്ങളേതുമില്ലാതെ ഒരു വിപ്ലവം രചിക്കുകയായിരുന്നു.
ശ്രീവിദ്യയും സൂര്യയും സുഹാസിനിയും അടക്കമുള്ളവർ തകർത്താടിയ "ആദാമിന്റെ വാരിയെല്ല്', മരംചുറ്റിയും സിഐഡി മുഖംമൂടി അണിഞ്ഞും പെൺകഥാപാത്രങ്ങൾ ഓടിനടന്ന ഒരു സിനിമാ ദശകത്തിൽ നിന്നുള്ള മോചനത്തിന്റെ നാന്ദി കുറിക്കുകയായിരുന്നു.
പെൺമനസിനെ തനിക്ക് അടുത്തറിയാമെന്ന് കെ.ജി. ജോർജ് ഒരിക്കലും അവകാശപ്പെട്ടിട്ടില്ല. എന്നാൽ തിരശീലയിൽ പകർത്തിയ കഥാപാത്രങ്ങളിലൂടെ അദ്ദേഹം അത് തെളിയിച്ചുകാട്ടി.
മൂന്ന് വ്യത്യസ്ത ജീവിതസാഹചര്യങ്ങളിൽ ജീവിക്കുന്ന സ്ത്രീകളുടെ മാനസികവ്യഥകളും "ഉത്തരവാദിത്വങ്ങളും' വരച്ചുകാട്ടിയ ജോർജ്, വാരിയെല്ല് ഒടിഞ്ഞാൽ ഒരു മനുഷ്യശരീരത്തിൽ സംഭവിക്കുന്ന മാറ്റങ്ങൾക്ക് സമാനമാണ് സ്ത്രീകൾ എടുക്കുന്ന ചില തീരുമാനങ്ങളെന്ന് സ്ക്രീനിൽ കാട്ടി. ചിത്രത്തിന്റെ ടെയിൽ എൻഡിൽ, സ്ത്രീകളുടെ വ്യഥ വിറ്റുകാശാക്കുന്ന സംവിധായകനാണ് താനെന്ന് ഷൂട്ടിംഗ് ദൃശ്യങ്ങൾ കാട്ടിയുള്ള "ഫോർത്ത് വോൾ ബ്രേക്കിംഗി'ലൂടെ അദ്ദേഹം പരിഹസിച്ചു.
മമ്മൂട്ടി എന്ന നടന്റെ താരമൂല്യം ഉയർത്തിയ ചിത്രങ്ങളിലെ ആദ്യ പടിയായ "യവനിക'യിൽ, ജേക്കബ് ഈരാളി എന്ന പോലീസ് കഥാപാത്രത്തിന് വിജയശ്രീ അവതരിപ്പിച്ച ഭാര്യാകഥാപാത്രം കുറ്റാന്വേഷണ ഉപദേശങ്ങൾ കൊടുക്കുന്ന ഒരു രംഗമുണ്ട്. വിജയിക്കുന്ന പുരുഷന്മാർക്ക് പിന്നിൽ എപ്പോഴും കഴിവുള്ള ഒരു സ്ത്രീ ഉണ്ടാകുമെന്ന പതിവ് വാചകത്തിന് അപ്പുറം, അതിസങ്കീർണമായ മേഖകളിൽ പോലും സ്ത്രീകൾക്ക് തങ്ങളുടേതായി രീതിയിൽ കഴിവ് തെളിയിക്കാനാകുമെന്ന് ജോർജ് പറയാതെ പറയുകയായിരുന്നു ഇതിലൂടെ.
ആക്ഷേപഹാസ്യ ചിത്രങ്ങളുടെ പഠനഗ്രന്ഥം എന്ന വിശേഷണമുള്ള "പഞ്ചവടിപ്പാല'ത്തിൽ, ശൃംഗാരം കലർന്ന ഒരൊറ്റ നോട്ടം കൊണ്ട് ഉട്ടോപ്യൻ പഞ്ചായത്തിലെ രാഷ്ട്രീയ തീരുമാനങ്ങളടക്കം മാറ്റിമറിക്കാൻ സാധിക്കുമെന്ന് സുകുമാരി അവതരിപ്പിച്ച "റാഹേൽ' പ്രേക്ഷകർക്ക് കാട്ടിത്തന്നു.
ഈ രംഗം സ്ത്രീവിരുദ്ധമാണെന്ന് ആരെങ്കിലും ആക്ഷേപം ഉന്നയിച്ചാൽ, കഥാതന്തുവിൽ റാഹേലിന് നൽകിയിരിക്കുന്ന സ്വാതന്ത്ര്യവും അധികാരസ്ഥാനത്തുള്ള ഔന്നത്യവും തിരികെ ചൂണ്ടിക്കാട്ടാം. സ്വന്തം ജയത്തിനായി സത്യ, ധർമ, നീതി പാതകൾ മുറുകെപ്പിടിക്കുന്ന "ഭാവശുദ്ധിയുള്ള ഭാരതസ്ത്രീ' എന്ന ചട്ടക്കൂടിന് അപ്പുറമാണ് ഈ കഥാപാത്രം.
വിജയത്തിലേക്കുള്ള പാതയിൽ, മാന്യതയുടെ മൂടുപടങ്ങൾ പൊട്ടിച്ചെറിഞ്ഞ് അഭിമാനത്തോടെ മുന്നേറാം എന്ന് ചിന്തിക്കുന്ന "മുകുന്ദൻ ഉണ്ണി അസോസിയേറ്റസി'ലെ ആർഷ ബൈജുവിന്റെ കഥാപാത്രത്തിന്റെ വെള്ളിത്തിരയിലെ തലതൊട്ടമ്മ ആയി റാഹേലിനെ പ്രതിഷ്ഠിക്കാം.
തണുപ്പനായ പഞ്ചായത്ത് പ്രസിഡന്റ് ദുശാസന കുറുപ്പിന്റെ കണ്ണുവെട്ടിച്ച് "സ്വാമി അവറാച്ചായ'ന്റെ യോഗാ പരിശീലനകേന്ദ്രത്തിൽ ഒളിച്ചുപോകുന്ന ശ്രീവിദ്യയുടെ കഥാപാത്രവും സ്ത്രീകളുടെ സ്വാതന്ത്ര്യം വിളിച്ചോതുന്ന കഥാപാത്രമാണ്.
ദാമ്പത്യബന്ധത്തിന്റെ കെട്ടുപൊട്ടിച്ച് വീടുവിട്ടിറങ്ങുന്ന സ്ത്രീയാണ് "മറ്റൊരാൾ' എന്ന ചിത്രത്തിന്റെ കേന്ദ്രബിന്ദു. തെറ്റായൊരു തീരുമാനമാണ് താൻ എടുത്തതെന്ന് തിരിച്ചറിയുന്ന നായിക വീട്ടിലേക്ക് മടങ്ങുന്നുണ്ടെങ്കിലും മറ്റൊരാളെ സ്നേഹിച്ച ഭാര്യയെപ്പറ്റി സമൂഹം അടിച്ചേൽപ്പിച്ച വിശുദ്ധിബോധം ഭർത്താവിന്റെ മനസിനെ കാർന്നുതിന്നുന്നു.
എല്ലാം പൊടുന്നനേ അവസാനിപ്പിച്ച് അയാൾ വിടവാങ്ങുമ്പോൾ, മറ്റൊരാൾക്കൊപ്പം പോയ നായിക സ്ത്ബധയായി നിന്നശേഷം മറ്റൊരു വ്യക്തിയായി രൂപാന്തരം പ്രാപിക്കുന്ന ഭ്രമക്കാഴ്ച ജോർജ് കാട്ടിത്തന്നു.
കണ്ടിട്ടുള്ള കാഴ്ചകളുടെ പരിമിതി, ലോകപരിചയത്തിന്റെ കണ്ണട വയ്ക്കുമ്പോൾ ഒരു യുവതിയുടെ ആഗ്രഹങ്ങളിൽ വരുത്തുന്ന മാറ്റങ്ങളാണ് "മേള'യിൽ നിറയുന്നത്. ദമ്പതികളുടെ ഇടയിൽ "മറ്റൊരാളു'ടെ സാന്നിധ്യം ഉണ്ടാകുമ്പോൾ സർക്കസ് തമ്പിൽ ഉയരുന്ന കുറ്റപ്പെടുത്തലുകൾ കാട്ടിത്തരുന്നത് വഴി, കൂടാരത്തിലെയും കൊട്ടാരത്തിലെയും അപമാനിക്കൽ പ്രക്രിയ ഒരേ രീതിയിലാണെന്ന് ആസ്വാദകൻ മനസിലാക്കുന്നു.
മലയാള സിനിമയുടെ മറവിയിലേക്ക് പുറന്തള്ളപ്പെട്ട മികച്ചൊരു ത്രില്ലർ ചിത്രമാണ് "ഈ കണ്ണി കൂടി'. ഒരു സ്ത്രീയുടെ മരണവുമായി ബന്ധപ്പെട്ട നടക്കുന്ന പോലീസ് അന്വേഷണത്തിൽ ആരംഭിക്കുന്ന ചിത്രം, സ്ത്രീകളുടെ ജീവിതം അന്നും ഇന്നും നിയന്ത്രിക്കുന്നത് പുരുഷന്മാരുടെ നയങ്ങളാണ് എന്ന് കാട്ടിത്തന്നു. ലൈംഗികത്തൊഴിൽ ചെയ്ത് ജീവിക്കുന്ന സ്ത്രീയോട് ഒരു സുഹൃത്ത് കണക്കെ മാന്യമായി പെരുമാറുന്ന പുരുഷ കഥാപാത്രത്തെയും ഈ ചിത്രത്തിലൂടെ ജോർജ് കാട്ടിത്തന്നു.
മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകരുടെ പട്ടികയിൽ കെ.ജി. ജോർജും ഉണ്ടാകുമെന്നത് ഉറപ്പാണ്. എന്നാൽ, പെൺമനസിനെ അങ്ങയേറ്റം ബഹുമാനത്തോടെ, സെൻസിറ്റീവ് ആയി അവതരിപ്പിച്ച സംവിധായകർ ആരൊക്കെ എന്ന ചോദ്യത്തിന് ഉത്തരം കെ.ജി. ജോർജ് എന്ന് മാത്രമായിരിക്കും.