എന്തുകൊണ്ട് 2018 ഓസ്കറിന്? ഗിരീഷ് കാസറവള്ളി പറയുന്നു
Wednesday, September 27, 2023 3:04 PM IST
ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018 എന്ന ചിത്രത്തെ എന്തുകൊണ്ട് ഓസ്കർ പട്ടികയിലേക്ക് തെരഞ്ഞെടുത്തു എന്നതിന് ഉത്തരവുമായി ജൂറി അംഗവും പ്രശസ്ത കന്നട സംവിധായകനുമായ ഗിരീഷ് കാസറവള്ളി.
കാലാവസ്ഥ വ്യതിയാനം ചർച്ച ചെയ്യുന്ന സിനിമയുടെ തീം ആണ് ഈ സിനിമ തെരഞ്ഞെടുക്കാൻ പ്രധാന കാരണമെന്ന് ഗിരിഷ് കാസറവള്ളി മാധ്യമങ്ങളോടു പറഞ്ഞു.
കാലാവസ്ഥ വ്യതിയാനം തുടങ്ങി ലോകം നേരിടുന്ന പ്രശ്നങ്ങളെ സിനിമയിലൂടെ ഇന്ത്യയ്ക്കു മുന്നോട്ടുവയ്ക്കാൻ സാധിക്കുന്ന ഏറ്റവും വലിയ ഉദാഹരണമാണ് ‘2018’ സിനിമയെന്നും ജൂറി രേഖപ്പെടുത്തി.
ഗിരിഷ് കാസറവള്ളിയുടെ നേതൃത്വത്തിലുള്ള പതിനാറംഗ സെലക്ഷൻ കമ്മിറ്റിയാണ് ചിത്രം തെരഞ്ഞെടുത്തത്. വിവിധ ഭാഷകളിൽ നിന്നുളള 22 സിനിമകളിൽ നിന്നാണ് ‘2018’ സിനിമയെ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രിയായി ജൂറി തെരഞ്ഞെടുത്തത്.
പ്രകൃതിയും മനുഷ്യരാശിയും തമ്മിലുള്ള പോരാട്ടത്തിന്റെ ഒരു മെറ്റഫർ ആണ് ഈ ചിത്രമെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. കേരളത്തിലെയോ ചെന്നൈയിലെ മാത്രം പ്രളയമെന്ന രീതിയിലല്ല ഇത് അർഥമാക്കേണ്ടത്. നമ്മുടെ വികസന സങ്കൽപ്പം എന്താണെന്നതിന്റെ ഒരു മെറ്റഫറാണിത്. ഗിരിഷ് കാസറവള്ളി പറഞ്ഞു.
കേരള സ്റ്റോറി, മാമന്നൻ, വിടുതലൈ, ഗദ്ദർ 2, റോക്കി ഓർ റാണി കി പ്രേം കഹാനി, ബലഗം, 1947, മ്യൂസിക് സ്കൂൾ, മിസിസ് ചാറ്റർജി വേഴ്സസ് നോർവെ തുടങ്ങിയ സിനിമകളാണ് ഇന്ത്യയുടെ ഓസ്കർ എൻട്രിക്കായി മത്സരിച്ചത്.
2018-ൽ കേരളത്തിലുണ്ടായ വെള്ളപ്പൊക്കം പ്രമേയമാക്കി ജൂഡ് സംവിധാനം ചെയ്ത ചിത്രമാണിത്. ടൊവീനോ തോമസായിരുന്നു ചിത്രത്തിലെ നായകൻ. കേരളത്തിലെ ജനതയുടെ ത്രസിപ്പിക്കുന്ന അതിജീവനത്തിന്റെ കഥ മികച്ച ടെക്നിക്കൽ പെർഫെക്ഷനോട് കൂടി ഒരുക്കിയ ചിത്രമാണ് 2018.
കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, ഇന്ദ്രൻസ്, വിനീത് ശ്രീനിവാസൻ, ലാൽ, നരേൻ, സുധീഷ്, അജു വർഗീസ്, ജിബിൻ ഗോപിനാഥ്, ഡോ.റോണി, അപർണ ബാലമുരളി, ശിവദ, വിനീതാ കോശി, തൻവി റാം, ഗൗതമി നായർ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
വേണു കുന്നപ്പള്ളി, ആന്റോ ജോസഫ്, സി.കെ. പത്മകുമാർ എന്നിവർ ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമിച്ചത്.
മോഹൻലാൽ ചിത്രമായ ഗുരുവാണ് ഓസ്കർ എൻട്രി ലഭിച്ച ആദ്യ മലയാള ചിത്രം. ലിജോ ജോസ് പെല്ലിശേരിയുടെ ജെല്ലിക്കെട്ട് ആണ് ഇതിനു മുമ്പ് ഓസ്കർ എന്ട്രി ലഭിച്ച മറ്റൊരു മലയാള ചിത്രം.