പീഡനക്കേസ്; നടൻ ഷിയാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി
Saturday, October 7, 2023 12:56 PM IST
വിവാഹ വാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ നടനും റിയാലിറ്റി ഷോ താരവുമായ ഷിയാസ് കരീം അറസ്റ്റിൽ. രാവിലെ കാസർഗോഡ് ചന്തേര പൊലീസ് സ്റ്റേഷനിൽ എത്തിച്ചതിനുശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വൈദ്യപരിശോധനയ്ക്കുശേഷം ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കും
ബുധനാഴ്ച ചെന്നൈ വിമാനത്താവളത്തിൽനിന്നാണ് ഷിയാസ് പിടിയിലായത്. ഇയാൾക്കെതിരേ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയതിനാൽ വിമാനത്താവളത്തിൽവച്ച് നടനെ കസ്റ്റംസ് തടഞ്ഞുവയ്ക്കുകയായിരുന്നു.
പിന്നീട് ചന്തേര പൊലീസ് ചെന്നൈയിലെത്തി ഷിയാസിനെ കസ്റ്റഡിയിലെടുത്തു. അതേസമയം കേസിൽ ഷിയാസിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
വിവിധയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നും രണ്ട് തവണ ഗർഭച്ഛിദ്രത്തിന് ഇരയാക്കിയെന്നുമുള്ള യുവതിയുടെ പരാതിയിലാണ് ഇയാൾക്കെതിരേ കേസെടുത്തത്.