വേടൻ ഇവിടെ വേണം; ഒരു കാര്യം പറയാനുണ്ട്; പിന്തുണയുമായി ഷഹബാസ് അമൻ
Wednesday, April 30, 2025 8:45 AM IST
കഞ്ചാവ് കേസിലും പുലിപ്പല്ല് കൈവശം വെച്ച കേസിലും പ്രതിചേര്‍ക്കപ്പെട്ട വേടന് പിന്തുണയുമായി ഗായകന് ഷഹബാസ് അമന്. വേടൻ ഇവിടെ വേണമെന്ന് തുടങ്ങുന്ന കുറിപ്പിലൂടെയാണ് ഷഹബാസ് പിന്തുണയുമായെത്തിയത്. വേടന്റെ ചിത്രം പോസ്റ്റ് ചെയ്താണ് കുറിപ്പ്.
"വേടൻ ഇവിടെ വേണം. ഇന്ന് നിശാഗാന്ധിയിൽ പ്രോഗ്രാം ഉള്ള ദിവസം. സമയമില്ല. പ്രാക്ടീസ് ചെയ്യണം. നാളെ വിശദമായി എഴുതാം. വ്യത്യസ്തമായി ഒരു കാര്യം പറയാനുണ്ട്. എല്ലാവരോടും സ്നേഹം'. ഷഹബാസ് അമൻ കുറിച്ചു.
അതേസമയം കഞ്ചാവ് കേസിൽ ജാമ്യം കിട്ടിയതിന് പിന്നാലെ, വനം വകുപ്പ് കസ്റ്റഡിയിലെടുത്ത വേടന്റെ അറസ്റ്റ് രേഖപ്പെടുത്തി. രണ്ടു ദിവസത്തേക്ക് വേടനെ കസ്റ്റഡിയില്‍ വിട്ടു. മൃഗവേട്ടയടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് വനം വകുപ്പ് കേസ് എടുത്തിരക്കുന്നത്.
വേടന് പുലിപ്പല്ല് നൽകിയത് ശ്രീലങ്കൻ പശ്ചാത്തലമുള്ള രഞ്ജിത് കുമ്പിടി എന്നയാൾ ആണെന്ന് ഫോറസ്റ്റ് റേഞ്ചർ ആർ. അധീഷ് പറഞ്ഞു.
രഞ്ജിത്തിനെക്കുറിച്ച് വനംവകുപ്പ് അന്വേഷണം തുടങ്ങി. രാത്രി മേക്കപ്പാല ഫോറസ്റ്റ് ഓഫീസിൽ വച്ചും തുടർന്ന് കോടനാട്ടെ മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷൻ ഓഫീസില്‍ വച്ചും വേടനെ ചോദ്യം ചെയ്തു. രഞ്ജിത് കുമ്പിടിയെ അറിയില്ലെന്നായിരുന്നു മാധ്യമങ്ങളോടടക്കം വേടന്റെ പ്രതികരണം.