വിവാദങ്ങൾ കത്തിപ്പുകയുന്നതിനിടയിൽ പുതിയ പാട്ടിറക്കി വേടൻ
Wednesday, April 30, 2025 12:00 PM IST
കഞ്ചാവും പുലിപല്ലുമൊക്കെയായി വിവാദങ്ങൾ പുകയുന്നതിനിടയിൽ പുതിയ പാട്ടിറക്കി വേടൻ. ‘മോണലോവ’ എന്നാണ് പാട്ടിന്റെ പേര്. തന്റെ ആദ്യത്തെ പ്രേമപ്പാട്ട് എന്നാണ് മോണലോവ തന്റെ ആദ്യത്തെ പ്രേമപ്പാട്ടാണെന്ന് വേടൻ വിശേഷിപ്പിച്ചിരുന്നു.
2.27 മിനിറ്റ് ദൈര്‍ഘ്യമുള്ള പാട്ടിന്റെ പൂർണ പതിപ്പാണ് ഇപ്പോൾ പുറത്തിറക്കിയത്. നേരത്തേ തന്നെ ഈ പാട്ട് വേടന് പല വേദികളിലും പാടിയിരുന്നു.
ഫ്ലാറ്റിൽ നിന്ന് ലഹരി കണ്ടെടുത്ത കേസിലും പുലിപ്പല്ല് കൈവശം വച്ച കേസിലും പ്രതി ചേർക്കപ്പെട്ട വേടനെതിരെ വിമർശനങ്ങൾ ശക്തമാകുന്നതിനിടെയാണ് മോണലോവയുടെ വരവ്. ഫ്ലാറ്റില്‍ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോള്‍ തന്റെ പുതിയ പാട്ട് ബുധനാഴ്ച പുറത്തിറങ്ങുമെന്ന് വേടന് മാധ്യമങ്ങളോടു പറഞ്ഞിരുന്നു.
തിങ്കളാഴ്ചയാണ് വേടന്റെ കൊച്ചിയിലെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടിയത്. വേടന്റെ അറസ്റ്റ് രേഖപ്പെടുത്തിയതോടെ ഗായകന്റെ മുൻകൂട്ടി നിശ്ചയിച്ചിരുന്ന പല സംഗീതപരിപാടികളും റദ്ദ് ചെയ്യുകയുണ്ടായി. കഞ്ചാവ് കേസിനു പിന്നാലെയാണ് പുലിപ്പല്ല് വിവാദവും വേടനെ വേട്ടയാടിയത്.