നാലാം ക്ലാസിൽ പഠിക്കുമ്പോൾ സിഗരറ്റ് വലിച്ചയാളാണ് ഞാൻ, എന്നാൽ...: അജു വർഗീസ്
Wednesday, April 30, 2025 3:19 PM IST
സിനിമയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രതികരണവുമായി നടന് അജു വര്‍ഗീസ്. ഇടപെടേണ്ടത് അധികാര സ്ഥാനത്തിലുള്ളവര്‍ ആണെന്നും ലഹരി ആര് ഉപയോഗിച്ചാലും അത് തെറ്റാണ് എന്നും അജു വര്‍ഗീസ് മാധ്യമങ്ങളോട് പറഞ്ഞു.
ഇത്തരം ചോദ്യങ്ങൾ ചോദിക്കേണ്ടത് സിനിമ സംഘടനകളുടെ പദവികൾ അലങ്കരിക്കുന്നവരോടാണെന്നും താൻ ഒരു മന്ത്രിയോ എംപിയോ ആയിരുന്നെങ്കിൽ മറുപടി പറയുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സിനിമയിലെ മധ്യനിര അഭിനേതാക്കളിലൊരാളാണ് ഞാൻ. സിഗരറ്റും മദ്യവുമെല്ലാം വിൽക്കുന്നത് ലഹരിയാണ്. എന്തുകൊണ്ടാണ് ഇതിന്റെ ഉപയോഗം കൂടുന്നതെന്ന് പഠിക്കണം. നാലാം ക്ലാസിൽ പഠിക്കുമ്പോൾ സിഗരറ്റ് വലിച്ചയാളാണ് ഞാൻ.
കടയിൽ അന്ന് അതുകിട്ടുമായിരുന്നു. നാലാം ക്ലാസിൽ പഠിക്കുന്ന എനിക്കറിയില്ല ഇത് ചീത്തയാണോ എന്ന്. മാഗസിന്റെ പുറത്തു വരുന്ന പരസ്യങ്ങളാണ് എന്നെ ആകർഷിച്ചത്. ഇതിനെക്കുറിച്ച് ആധികാരികമായി സംസാരിക്കാൻ ഞാൻ ആളുമല്ല. അജു പറഞ്ഞു.
കഞ്ചാവ് കേസില്‍ ഉള്‍പ്പെട്ട സംവിധായകരെ താരങ്ങള്‍ പിന്തുണച്ചതിനെക്കുറിച്ച് അറിയില്ലെന്നും അജു പറഞ്ഞു.
ഹൈബ്രിഡ് കഞ്ചാവ് കൈവശം വെച്ച കേസിൽ സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ എന്നിവരെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവായിരുന്നു ഇവരിൽ നിന്നും പിടിച്ചെടുത്തത്.
അതേസമയം, ഖാലിദ് റഹ്മാനെ പിന്തുണച്ചുകൊണ്ട് സഹോദരനും ഛായാഗ്രാഹകനുമായ ജിംഷി ഖാലിദ് സമൂഹമാധ്യമങ്ങളില്‍ ചിത്രം പോസ്റ്റ് ചെയ്തതും ഇതിന് പിന്തുണയുമായി വിവിധ സിനിമാതാരങ്ങള്‍ രംഗത്തുവന്നതും ഇപ്പോള്‍ ചര്‍ച്ചയാകുന്നുണ്ട്.