ആവേശക്കൊടുമുടിയേറി കൊണ്ടാട്ടം ഗാനം; നൃത്തച്ചുവടുകൾക്കൊണ്ട് ആറാടി മോഹൻലാലും ശോഭനയും
Thursday, May 1, 2025 10:05 AM IST
ആരാധകരെ ആവേശത്തിലാഴ്ത്തി തുടരും സിനിമയിലെ കൊണ്ടാട്ടം ഗാനം പുറത്തിറങ്ങി. മോഹൻലാൽ, ശോഭന എന്നിവരുടെ ചടുലമായ ചുവടുകളാണ് ഗാനത്തിന്റെ മുഖ്യ ആകർഷണം. സംവിധായകൻ തരുൺ മൂർത്തിയും ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.
അസാധ്യമെയ് വഴക്കത്തോടെ ഈ 65-കാരൻ നൃത്തം ചെയ്യുന്നു എന്നാണ് വീഡിയോയ്ക്ക് താഴെ ആരാധകർ കുറിക്കുന്നത്. ഒപ്പം ശോഭനയും കൂടി ചേർന്നതോടെ ഗാനം കൂടുതൽ ആകർഷകമായി.
ജേക്സ് ബിജോയ് ഈണമൊരുക്കിയ ഗാനമാണ് ‘കൊണ്ടാട്ടം’. വിനായക് ശശികുമാർ വരികൾ കുറിച്ച പാട്ട് എം.ജി ശ്രീകുമാറും രാജലക്ഷ്മിയും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. യൂട്യൂബിൽ ട്രെന്റിംഗ് വൺ ആണ് ഗാനം. 20 ലക്ഷത്തിലധികം പേരാണ് ഇതിനോടകം വീഡിയോ കണ്ടുകഴിഞ്ഞു.
തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രമാണ് തുടരും. മോഹന്‍ലാലിന്റെ കരിയറിലെ 360ാം ചിത്രമായി തിയറ്ററുകളിലെത്തിയ ‘തുടരും’ ബോക്സ് ഓഫിസിൽ വമ്പൻ കുതിപ്പ് തുടരുകയാണ്. നീണ്ട 15 വർഷത്തിനു ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ചുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. കെ.ആര്.സുനിലിന്റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും കെ.ആര്.സുനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. രജപുത്രയുടെ ബാനറിൽ എം.രഞ്ജിത്ത് ചിത്രം നിർമിച്ചിരിക്കുന്നു.