മുത്തുമണി ഇനി ഡോക്ടർ മുത്തുമണി; ഗവേഷണം പൂർത്തിയാക്കി താരം
Wednesday, May 7, 2025 8:51 AM IST
നടി മുത്തുമണിക്ക് ഡോക്ടറേറ്റ്. കൊച്ചി ശാസ്ത്ര-സാങ്കേതിക സര്‍വകലാശാലയില്‍ (കുസാറ്റ്) നിന്നാണ് മുത്തുമണി സോമസുന്ദരം ഡോക്ടറേറ്റ് കരസ്ഥമാക്കിയത്.
സിനിമയിലെ പകര്‍പ്പവകാശ നിയമം സംബന്ധിച്ച പഠനമാണ് നടിയെ പിഎച്ച്ഡിക്ക് അര്‍ഹയാക്കിയത്. ‘ഇന്ത്യന്‍ സിനിമയിലെ സംവിധായകരുടെയും എഴുത്തുകാരുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ 1957 ലെ പകര്‍പ്പവകാശ നിയമത്തിന്റെ പ്രസക്തി’ എന്ന വിഷയത്തിലായിരുന്നു പഠനം. ഡോ. കവിത ചാലയ്ക്കലിന്റെ കീഴിലാണ് ഗവേഷണം പൂര്‍ത്തിയാക്കിയത്.
റിസര്‍ച്ച് ഡിഫെന്സിന് ശേഷം ഡോക്ടറേറ്റ് പ്രഖ്യാപിക്കുന്നതും നടി നന്ദിപ്രകടനം നടത്തുന്നതുമടക്കമുള്ളവയുടെ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു.
മുത്തുമണിയുടെ ഭര്‍ത്താവും സംവിധായകനും തിരക്കഥാകൃത്തുമായ പി.ആര്. അരുണ്‍ സോഷ്യല്‍മീഡിയയില്‍ താരത്തിന്റെ നേട്ടത്തെ അഭിനന്ദിച്ചുകൊണ്ട് പോസ്റ്റ് പങ്കുവെച്ചിരുന്നു.
മുത്തുമണിയില്നിന്ന് അഡ്വ. മുത്തുമണിയിലേക്കും അഭിനേത്രി മുത്തുമണിയില്നിന്ന് ഡോക്ടർ മുത്തുമണിയിലേക്കും ഉള്ള യാത്രയ്ക്ക് സാക്ഷ്യംവഹിച്ചതാണ് എന്റെ ജീവിതത്തിലെ ഏറ്റവും സംതൃപ്തിയും സന്തോഷവും നിറഞ്ഞ കാര്യം- മുത്തുമണിയുടെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് അരുണ്‍ കുറിച്ചു.
നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസില്‍നിന്ന് ബിരുദം നേടിയ മുത്തുമണി കേരള ഹൈക്കോടതിയില്‍ അഭിഭാഷകയായി എൻറോള്‍ ചെയ്തിരുന്നു. എറണാകുളം സ്വദേശിയാണ്.
2006ലാണ് മോഹൻലാല്‍ ചിത്രം ‘രസതന്ത്ര’ത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം നടത്തിയത്. തുടര്‍ന്ന് വിനോദ യാത്ര, കടല്‍ കടന്ന് ഒരു മാത്തുക്കുട്ടി, ഹൗ ഓള്‍ഡ് ആര് യു, ഒരു ഇന്ത്യന്‍ പ്രണയകഥ, ലൂക്കാ ചുപ്പി, ഇന്നത്തെ ചിന്താവിഷയം, അന്നയും റസൂലും തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചു. ഉണ്ണി മുകുന്ദൻ ചിത്രം ‘ഗെറ്റ് സെറ്റ് ബേബി’യിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്.