നമ്മുടെ പടം ആളുകൾക്കിഷ്ടപ്പെട്ടടാ; എഡിറ്റർ നിഷാദിനെ ഓർത്ത് തരുൺ മൂർത്തി
Wednesday, May 7, 2025 10:08 AM IST
തുടരും സിനിമയുടെ എഡിറ്റിംഗ് ജോലികൾ പാതിവഴിക്ക് നിർത്തിയിട്ടാണ് ചിത്രത്തിന്റെ എഡിറ്ററായിരുന്ന നിഷാദ് യൂസഫ് ഈ ലോകത്തോട് വിടപറഞ്ഞത്. കഴിഞ്ഞവർഷം ഒക്ടോബറിൽ കൊച്ചി പനമ്പള്ളി നഗറിലെ ഫ്ളാറ്റിൽ നിഷാദിനെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
തുടരും നിഷാദ് യൂസഫ് എഡിറ്റ് ചെയ്ത സിനിമയാണ്. ചിത്രം വിജയക്കുതിപ്പ് തുടരവേ തരുൺ മൂർത്തി പങ്കുവെച്ച ഇൻസ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധേയമാവുകയാണ്.
സഹോദരാ, നമ്മുടെ ചിത്രം തകർത്തോടുകയാണ്. നിന്റെ ജോലി ആളുകൾക്കിടയിൽ സംസാരവിഷയമായിരിക്കുകയാണ് എന്നാണ് തരുൺ മൂർത്തി എഴുതിയത്. തുടരും എന്ന ചിത്രത്തിലെ ഒരു രംഗത്തിൽ നിഷാദ് യൂസഫ് പ്രത്യക്ഷപ്പെടുന്നുണ്ട്.
ഈ സീനിന്റെയും ഇതിന്റെ ലൊക്കേഷനിൽനിന്നുള്ളതുമായ ഏതാനും ചിത്രങ്ങളും തരുൺ മൂർത്തി പങ്കുവെച്ചിട്ടുണ്ട്. ഹൃദയചിഹ്നവും നിഷാദ് യൂസഫ് എന്ന ഹാഷ്ടാഗും കുറിപ്പിനൊപ്പം ചേർത്തിട്ടുണ്ട്.
ഹരിപ്പാട് സ്വദേശിയാണ് നിഷാദ് യൂസഫ്. തല്ലുമാല, ഉണ്ട, ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക, കങ്കുവ, ബസൂക്ക എന്നിവയാണ് പ്രധാന ചിത്രങ്ങള്‍. 2022-ൽ തല്ലുമാലയുടെ എഡിറ്റിംഗിന് മികച്ച എഡിറ്റർക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു.
സൂര്യയെ നായകനാക്കി സംവിധായകൻ ശിവ ഒരുക്കിയ കങ്കുവ എന്ന ചിത്രം റീലിസ് ചെയ്യാനിരിക്കെയായിരുന്നു നിഷാദിന്റെ മരണം.