രാജ്യം വിളിക്കുമ്പോൾ, ഇന്ത്യൻ സൈന്യം ഉത്തരം നൽകും; ഓപ്പറേഷന് സിന്ദൂർ, സൈന്യത്തെ പ്രശംസിച്ച് മമ്മൂട്ടിയും മോഹൻലാലും
Wednesday, May 7, 2025 11:33 AM IST
പഹൽഗാം ഭീകരാക്രമണത്തിനു മറുപടിയായി പാക്കിസ്ഥാനിലും പാക്ക് അധിനിവേശ കശ്മീരിലുമായുള്ള ഭീകരകേന്ദ്രങ്ങളിൽ നടത്തിയ ആക്രമണത്തില്‍ ഇന്ത്യന്‍ സൈന്യത്തെ പ്രശംസിച്ച് ഇന്ത്യൻ താരങ്ങളും. മമ്മൂട്ടിയും മോഹൻലാലും അക്ഷയ് കുമാറും അല്ലു അർജുനും ഉൾപ്പെടയുള്ളവരെല്ലാം രാജ്യത്തിന് പിന്തുണയുമായെത്തി. മോഹൻലാൽ ഫേസ്ബുക്ക് കവർ അപ്ഡേറ്റ് ചെയ്ത് ഓപ്പറേഷൻ സിന്ദൂർ എന്ന് ആക്കി.
യഥാർഥ ഹീറോസിന് സല്യൂട്ട്...രാജ്യം വിളിക്കുമ്പോൾ, ഇന്ത്യൻ സൈന്യം ഉത്തരം നൽകും. നമ്മുടെ ജീവൻ സംരക്ഷിക്കുന്നതിനും പ്രതീക്ഷ പുനഃസ്ഥാപിക്കുന്നതിനും നന്ദി. നിങ്ങൾ. ജയ് രാജ്യത്തെ അഭിമാനപൂരിതമാക്കുന്നു...ജയ് ഹിന്ദ്!’’ മമ്മൂട്ടി കുറിച്ചു.
ഇന്ത്യക്കാർ സിന്ദൂരം അണിയുന്നത് വെറുമൊരു പാരമ്പര്യമെന്ന നിലയിലല്ല, മറിച്ച് അത് ഇന്ത്യക്കാരുടെ അചഞ്ചലമായ ദൃഢനിശ്ചയത്തിന്റെ പ്രതീകമാണെന്ന് മോഹൻലാൽ കുറിച്ചു.
ഞങ്ങൾ സിന്ദൂരം അണിയുന്നത് വെറുമൊരു പാരമ്പര്യമെന്ന നിലയിൽ അല്ല, മറിച്ച് അത് ഞങ്ങളുടെ അചഞ്ചലമായ ദൃഢനിശ്ചയത്തിന്റെപ്രതീകമാണ്. ഞങ്ങളെ വെല്ലുവിളിക്കൂ, ഞങ്ങൾ നിർഭയരും എന്നത്തേക്കാൾ ശക്തരായും ഉയർത്തെഴുന്നേൽക്കും.
ഇന്ത്യൻ കരസേന, നാവികസേന, വ്യോമസേന, ബിഎസ്എഫ് എന്നിവയിലെ ഓരോ ധീരഹൃദയരെയും ഞാൻ അഭിവാദ്യം ചെയ്യുന്നു. നിങ്ങളുടെ ധൈര്യം ഞങ്ങളുടെ അഭിമാനത്തിന് ഊർജ്ജം പകരുന്നു. ജയ്ഹിന്ദ്. മോഹൻലാലിന്റെ വാക്കുകൾ ഇങ്ങനെ.
നീതി ലഭിക്കട്ടെ, ജയ് ഹിന്ദ് എന്ന് അല്ലു അർജുനും കുറിച്ചു. ഇന്ത്യന്‍ പതാകയുടെ ഇമോജിക്കൊപ്പം ഭാരത് മാതാ കി ജയ് എന്ന് അനുപം ഖേര്‍ എക്സില്‍ കുറിച്ചു. ഓപ്പറേഷന് സിന്ദൂര്‍ എന്ന ഹാഷ്ടാഗും അനുപം ഖേര്‍ പങ്കുവെച്ചിട്ടുണ്ട്.
ജയ് ഹിന്ദ് കി സേന, ഭാരത് മാതാ കി ജയ്, എന്നായിരുന്നു റിതേഷ് ദേശ്മുഖ് കുറിച്ചത്. 'നമ്മുടെ പ്രാര്‍ഥനകള്‍ സേനകള്‍ക്കൊപ്പമാണ്. ഒരുരാഷ്ട്രം, നമ്മള് ഒരുമിച്ച് നില്ക്കും. ജയ് ഹിന്ദ്, വന്ദേമാതരം', എന്ന് മധുര് ഭണ്ഡാര്‍ക്കര്‍ കുറിച്ചു. 'സൈന്യത്തിനൊപ്പം. ഒരുരാജ്യം, ഒരുദൗത്യം', എന്ന് നിമ്രത് കൗര്‍ പ്രതികരിച്ചു.