ലോകേഷ് - രജനി ചിത്രം കൂലിയുടെ പ്രമോ ടീസർ
Wednesday, May 7, 2025 1:10 PM IST
ലോകേഷ് കനകരാജ്–രജനികാന്ത് ചിത്രം ‘കൂലി’യുടെ പുതിയ പ്രമൊ ടീസർ എത്തി. സൗബിൻ, ഉപേന്ദ്ര, സത്യരാജ്, നാഗാർജുന എന്നിവരെ പരിചയപ്പെടുത്തുന്നുണ്ടെങ്കിലും മുഖം കാണിക്കുന്നില്ല.
ഓഗസ്റ്റ് 14നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. രജനികാന്തിന്റെ 171ാം സിനിമയായി ഒരുങ്ങുന്ന കൂലിയിൽ ആമിര്‍ ഖാൻ, നാഗാർജുന, ഉപേന്ദ്ര തുടങ്ങിയ സൂപ്പർതാരങ്ങളും എത്തുന്നു. ആമിർ അതിഥി വേഷത്തിലാകും ചിത്രത്തിലെത്തുക. ശ്രുതി ഹാസനാണ് നായിക.
ആക്ഷൻ ഡ്രാമ വിഭാഗത്തിലൊരുങ്ങുന്ന ഒരു പിരിയഡ് ഗ്യാംഗ്സ്റ്റർ ആക്ഷൻ ത്രില്ലർ ചിത്രമാണ് കൂലി. ഇന്ത്യയിലേക്ക് സിംഗപ്പൂർ, ദുബായി, യുഎസ്എ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള സ്വർണ്ണക്കള്ളക്കടത്ത് ആണ് ചിത്രത്തിന്റെ പ്രമേയമാകുക എന്നാണ് റിപ്പോർട്ട്.
സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമാണം. 38 വർഷങ്ങൾക്ക് ശേഷം സത്യരാജും രജനികാന്തും ഒരുമിച്ചെത്തുന്ന ചിത്രം കൂടിയാണ് കൂലി. മലയാളിയായ ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രാഹകൻ. സംഗീതം അനിരുദ്ധ് രവിചന്ദർ. ‘ലിയോ’യ്ക്കു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന സിനിമയെന്ന നിലയിലും പ്രേക്ഷക പ്രതീക്ഷകൾ വലുതാണ്.