ജഗത്തിനെ പരിചയപ്പെട്ട് ഒരു മാസത്തിനുള്ളിൽ ഗർഭിണിയായി; പിന്നീടായിരുന്നു വിവാഹം; അമല പോൾ പറയുന്നു
Thursday, May 8, 2025 12:59 PM IST
ജഗത്തുമായി പ്രണയത്തിലായ ആദ്യമാസം തന്നെ താൻ ഗർഭിണിയായി എന്നും നടിയാണ് താൻ എന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നുവെന്നും വെളിപ്പെടുത്തി അമല പോൾ. പരിചയപ്പെട്ട സമയത്ത് പ്രൈവറ്റ് ഇൻസ്റ്റഗ്രാം അക്കൗണ്ട് ആണ് ജഗത്തിനു നൽകിയിരുന്നതെന്നും വിവാഹം കഴിഞ്ഞ സമയത്താണ് അദ്ദേഹം തന്റെ സിനിമകൾ കാണാൻ തുടങ്ങിയതെന്നും അമല പോൾ പറഞ്ഞു.
ജെഎഫ്ഡബ്ല്യു മൂവി അവാർഡ്സിൽ മികച്ച നടിക്കുള്ള ക്രിട്ടിക്സ് പുരസ്കാരം സ്വന്തമാക്കിയ ശേഷം സംസാരിക്കുകയായിരുന്നു അമല.
‘‘ഗോവയിൽ വച്ചാണ് ഞാനും ജഗത്തും കണ്ടുമുട്ടുന്നത്. ഗുജറാത്തിയാണെങ്കിലും ഗോവയിലായിരുന്നു സ്ഥിരതാമസം. കേരളത്തിൽ നിന്നാണെന്നു ഞാൻ പറഞ്ഞിരുന്നെങ്കിലും അദ്ദേഹം തെന്നിന്ത്യൻ സിനിമകളൊന്നും അധികം കാണുന്ന ആളായിരുന്നില്ല.
ജഗത്തും ഞാനും ഡേറ്റ് ചെയ്യുമ്പോൾ നടിയാണെന്ന് ഞാൻ അവനോട് പറഞ്ഞിരുന്നില്ല. ഒരു പ്രൈവറ്റ് ഇൻസ്റ്റഗ്രാം അക്കൗണ്ടൊക്കെയാണ് ആൾക്ക് ആദ്യം കൊടുത്തത്. പിന്നീട് ഗർഭിണിയായി. വൈകാതെ വിവാഹം ചെയ്തു.
ഞാൻ ഗർഭിണിയായി വീട്ടിലിരിക്കുമ്പോഴാണ് ജഗദ് എന്റെ സിനിമകൾ ഓരോന്നായി കാണാൻ തുടങ്ങുന്നത്. അവാർഡ് ഷോകൾ ഒത്തിരി കാണും. എനിക്ക് അവാർഡ് ലഭിക്കുന്നതും റെഡ് കാർപറ്റിലും സ്റ്റേജിലും ഞാൻ സംസാരിക്കുന്നത് കണ്ട് ജഗത്തിന് അദ്ഭുതമായി.
ഒരുദിവസം എട്ടുമാസം ഗർഭിണായിയിരിക്കുന്ന സമയത്ത് എന്നോടു ചോദിച്ചു, ഈ റെഡ് കാർപറ്റ് ഒക്കെ ലൈവ് ആയി എപ്പോഴാണ് കാണാൻ പറ്റുകയെന്ന്. സത്യത്തിൽ ഒരു ക്ലു പോലും ആ സമയത്ത് എനിക്ക് ഇല്ലായിരുന്നു.
അന്ന് ലെവല്‍ ക്രോസ് സിനിമയും റിലീസ് ആയിട്ടില്ല. പെട്ടന്ന് ഞാൻ അവനോടു പറഞ്ഞു, ‘ഉടൻ തന്നെ ഉണ്ടാകും’. ഇപ്പോഴിതാ അത് സംഭവിച്ചിരിക്കുന്നു.
ഇക്കാര്യത്തിൽ ദൈവത്തോടു നന്ദി പറയുന്നു. ലെവൽ ക്രോസിന്റെ സംവിധായകൻ അര്‍ഫാസിനോടും നന്ദി. ഇപ്പോഴും അര്‍ഫാസ് ഈ സിനിമയുടെ പുറകെ ഓടിക്കൊണ്ടിരിക്കുകയാണ്. ഒരുപാട് വെല്ലുവിളികൾ നിറഞ്ഞതായിരുന്നു സിനിമയുടെ ചിത്രീകരണം തന്നെ.’’അമല പോൾ പറഞ്ഞു.