കമൽഹാസന്റെ മിന്നും പ്രകടനം: തഗ് ലൈഫ് ട്രെയിലർ
Monday, May 19, 2025 8:38 AM IST
ആരാധകർ ആവേശത്തോടെ കാത്തിരുന്ന മണിരത്നം – കമൽഹാസൻ ചിത്രം തഗ് ലൈഫിന്റെ ട്രെയിലർ പുറത്ത്. ഉലകനായകൻ കമൽഹാസനും ഹിറ്റ് മേക്കർ മണിരത്നവും 37 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിക്കുന്നു എന്നതാണ് തഗ് ലൈഫിന്റെ ഏറ്റവും വലിയ ഹൈപ്പ്.
ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകളും അത്യധികം ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്. ജൂൺ അഞ്ചിന് ചിത്രം പ്രേക്ഷകരിലേക്ക് എത്തും.
തൃഷ, ജോജു ജോർജ്, അഭിരാമി, ഐശ്വര്യ ലക്ഷ്മി, നാസർ, അശോക് സെല്വന്, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജ്കമൽ ഫിലിംസ് ഇൻറർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ. മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
മണിരത്നത്തിന്റെ പതിവ് സഹപ്രവർത്തകരായ സംഗീത സംവിധായകൻ എ.ആർ. റഹ്മാനും എഡിറ്റർ ശ്രീകർ പ്രസാദും ഈ ചിത്രത്തിലും ഒരുമിക്കുന്നു.
നേരത്തെ മണിരത്നത്തിന്റെ കന്നത്തിൽ മുത്തമിട്ടാൽ, ആയുധ എഴുത്ത് എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ഛായാഗ്രാഹകൻ രവി കെ. ചന്ദ്രനാണ് പുതിയ ചിത്രത്തിനും കാമറ ചലിപ്പിക്കുന്നത്. വിക്രം സിനിമയിൽ കമലുമായി സഹകരിച്ച അൻപറിവ് മാസ്റ്റേഴ്സാണ് ആക്ഷൻ കൊറിയോഗ്രാഫി ചെയ്യുന്നത്.