ബ്രോമാൻസിൽ ഞാൻ ഓവറായിപ്പോയി; തുറന്നുസമ്മതിച്ച് മാത്യു തോമസ്
Monday, May 19, 2025 11:04 AM IST
ബ്രോമാൻസ് എന്ന ചിത്രത്തിൽ അവതരിപ്പിച്ച കഥാപാത്രം ഓവറായിപ്പോയെന്ന് തുറന്നു സമ്മതിച്ച് നടൻ മാത്യു തോമസ്. കഥാപാത്രത്തിന് വേണ്ടി തിരഞ്ഞെടുത്ത മീറ്റർ തെറ്റിപ്പോയെന്നും താൻ ഓവറാണെന്ന് തോന്നിയത് പ്രേക്ഷകരുടെ കുഴപ്പം കൊണ്ടല്ലെന്നും മാത്യു തോമസ് പറഞ്ഞു.
ചിത്രം ഒടിടിയിൽ റിലീസ് ചെയ്തതിന് പിന്നാലെ ഉയർന്ന വിമർശനങ്ങളെപ്പറ്റി മാധ്യമങ്ങളോടു സംസാരിക്കുന്നതിന് ഇടയിലാണ് മാത്യു ഇക്കാര്യം തുറന്നു പറഞ്ഞത്.
‘‘തിയറ്റർ ഓഡിയൻസ്, ഒടിടി ഓഡിയൻസ് എന്നൊന്നും ഇല്ല. ഒറ്റ ഓഡിയൻസേ ഉള്ളൂ. സിനിമ തിയറ്ററിൽ എത്തിയപ്പോഴും എന്റെ കഥാപാത്രത്തിന്റെ അഭിനയത്തെക്കുറിച്ച് വിമർശനമുണ്ടായിരുന്നു. ആ കഥാപാത്രത്തിന് ഞങ്ങൾ തിരഞ്ഞെടുത്ത മീറ്റർ തെറ്റിപ്പോയി എന്നാണ് ഞാൻ മനസിലാക്കുന്നത്. ആളുകൾ ഓവർ എന്നു പറയുന്നത് ഓവർ ആയതുകൊണ്ടു തന്നെയാണ്.
ഭൂരിഭാഗം പ്രേക്ഷകർക്കും അത് വർക്ക് ആയിട്ടില്ല. അത് ഓഡിയൻസ് മാറിയതു കൊണ്ടോ പ്ലാറ്റ്ഫോം മാറിയത് കൊണ്ടോ അല്ല. ചെയ്തതിന്റെ പ്രശ്നമാണ്. ആ കഥാപാത്രത്തെ എല്ലാവർക്കും കൺവിൻസിംഗ് ആകുന്ന രീതിയിൽ ചെയ്യണമായിരുന്നു. പ്രേക്ഷകർ പറയുന്നത് എന്താണെന്നും എന്തുകൊണ്ടാണെന്നും മനസ്സിലാക്കി മെച്ചപ്പെടാൻ ശ്രമിക്കുക എന്നത് മാത്രമേ ചെയ്യാനുള്ളൂ.’’
ജോ ആൻഡ് ജോ, 18 പ്ലസ്, എന്നീ സിനിമകൾക്കു ശേഷം അരുൺ ഡി. ജോസ് സംവിധാനം ചെയ്ത സിനിമയാണ് ബ്രൊമാൻസ്. മാത്യു തോമസ്, അർജുൻ അശോകൻ, സംഗീത് പ്രതാപ്, മഹിമ നമ്പ്യാർ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം തിയറ്ററുകളിൽ മികച്ച പ്രതികരണവും കളക്ഷനും നേടിയിരുന്നു.
എന്നാൽ ചിത്രം ഒടിടിയിൽ എത്തിയപ്പോൾ വ്യാപക വിമർശനം ഉയർന്നു. കാണാതായ സഹോദരനെ അന്വേഷിച്ചിറങ്ങുന്ന ബിന്റോ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മാത്യു അവതരിപ്പിച്ചത്.