തുടരും ഇഷ്ടമായി; തരുണിനെയും കുടുംബത്തെയും വീട്ടിലേയ്ക്ക വിളിച്ച് വരുത്തി അഭിനന്ദിച്ച് സൂര്യയും കാർത്തിയും
Monday, May 19, 2025 11:33 AM IST
തുടരും വിജയത്തിന് പിന്നാലെ സംവിധായകൻ തരുൺ മൂർത്തിയെ ചെന്നൈയിലെ വീട്ടിലേയ്ക്ക് വിളിച്ചുവരുത്തി നടൻമാരായ സൂര്യയും കാർത്തിയും. ഭാര്യ രേവതിക്കും മക്കൾക്കുമൊപ്പമാണ് തരുൺ ഇവരുടെ വീട്ടിലെത്തിയത്.
സൂര്യ, ജ്യോതിക, കാർത്തി എന്നിവർക്കൊപ്പമുള്ള ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചു. കുടുംബസമേതമാണ് തരുൺ സൂപ്പർതാരങ്ങളെ കണ്ടത്. ‘തുടരും’ സിനിമയോടും മോഹൻലാലിനോടുമുള്ള മൂവരുടേയും സ്നേഹവും ബഹുമാനവും അത്രയേറെയുണ്ടെന്ന് തരുൺ മൂർത്തി കുറിച്ചു.
കോളിവുഡിലും തുടരും തരംഗം എന്ന തലക്കെട്ടിലാണ് കാർത്തിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് തരുൺ മൂർത്തി കുറിച്ചത്.
‘‘എന്നെ ക്ഷണിച്ചതിനും മലയാളസിനിമയോടും ലാൽ സാറിനോടുമുള്ള നിങ്ങളുടെ സ്നേഹത്തിനും കരുതലിനും നന്ദിയുണ്ട്. ഒരു വികാരം, പല നിർവചനങ്ങൾ. ആ വികാരത്തിന്റെ പേരാണ് മോഹൻലാൽ’’കാർത്തിക്കൊപ്പമുള്ള ചിത്രത്തിനൊപ്പം അദ്ദേഹത്തെ ടാഗ്ചെയ്തുകൊണ്ട് തരുൺ മൂർത്തി എഴുതി.