ഫോട്ടോയിൽ കൂടിയെങ്കിലും മോഹൻലാലിനൊപ്പം സ്ക്രീൻ സ്പേസ്; സന്തോഷം പങ്കുവച്ച് വിജയ് സേതുപതി
Monday, May 19, 2025 12:21 PM IST
മോഹൻലാലിനൊപ്പം തുടരും സിനിമയിൽ ഭാഗമാകാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവച്ച് നടൻ വിജയ് സേതുപതി. തുടരും ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്ന ഒരു ഫോട്ടോ സ്റ്റാറ്റസ് ആയി ഇട്ടുകൊണ്ടാണ് സിനിമയിലെ തന്റെ സാന്നിധ്യത്തെക്കുറിച്ച് വിജയ് സേതുപതി വാചാലനായത്.
മോഹൻലാലിനെപ്പോലെ അദ്ഭുതമായ ഒരു നടനൊപ്പം ഒരു ഫോട്ടോയിലെങ്കിലും സിനിമയിൽ പ്രത്യക്ഷപ്പെടാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് വിജയ് സേതുപതി കുറിച്ചു.
ചിത്രത്തിൽ ഫോട്ടോയിലൂടെയാണ് വിജയ് സേതുപതി എത്തുന്നത്. വിജയ് സേതുപതിയും മോഹൻലാലും ഒരുമിച്ചുള്ള ചില ചിത്രങ്ങൾ സിനിമയിൽ കാണിക്കുന്നുണ്ട്. ചിത്രം വിജയകരമായി പ്രദർശനം തുടരുന്നതിനിടെ സിനിമയിൽ പ്രതിപാദിക്കുന്ന ചിത്രങ്ങളിലൊന്ന് മോഹൻലാൽ തന്റെ ഔദ്യോഗിക പേജിൽ പങ്കുവച്ചിരുന്നു.
സിനിമയിൽ മോഹൻലാലിന്റെ ഷൺമുഖം എന്ന കഥാപാത്രത്തിന്റെ ഭൂതകാലം പരിചയപ്പെടുത്തുന്ന ചിത്രങ്ങളിലൊന്നാണ് താരം പുറത്തുവിട്ടത്.
ചിത്രത്തിന്റെ ടൈറ്റിൽ ഗാനത്തിന്റെ വരികൾ കുറിച്ചാണ് മോഹൻലാൽ ഫോട്ടോ പങ്കുവച്ചത്. ‘ഒരു കാലം തിരികെ വരും, ചെറുതൂവൽ ചിരി പകരും, തലോടും താനേ കഥ തുടരും’, മോഹൻലാൽ കുറിച്ചു.
മോഹൻലാൽ ഈ ചിത്രം പങ്കുവച്ചപ്പോൾ തന്നെ പലരും താരത്തിനൊപ്പം ബ്രൗൺ ടീഷർട്ട് ധരിച്ചു നിൽക്കുന്ന യുവാവിനെയും ശ്രദ്ധിച്ചിരുന്നു. ‘ഇത് വിജയ് സേതുപതിയല്ലേ’ എന്ന് ആരാധകർ ചോദിച്ചു. തൊട്ടുപിന്നാലെ ഈ ചിത്രം വിജയ് സേതുപതി കൂടി പങ്കുവച്ചത് ആരാധകർ ആഘോഷമാക്കി.