ലക്കി ഭാസ്കർ സംവിധായകന്റെ പുതിയ ചിത്രത്തിൽ സൂര്യയുടെ നായികയായി മമിത ബൈജു
Monday, May 19, 2025 4:09 PM IST
സൂര്യയെ നായകനാക്കി വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമിത ബൈജു നായികയാകുന്നു. ‘ലക്കി ഭാസ്കര്‍’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം വെങ്കി സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ ഹൈദരാബാദിൽവച്ചു നടന്നു. സൂര്യയുടെ 46ാം ചിത്രമാണിത്.
മമിത ബൈജു, രവീണ ടണ്ടൻ, രാധിക ശരത് കുമാർ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. സിതാര എന്റർടെയിൻമെന്റ്സ് നിർമിക്കുന്ന ചിത്രത്തിന് ജി.വി. പ്രകാശ് കുമാർ സംഗീത സംവിധാനവും നിമിഷ് രവി ഛായാഗ്രഹണവും നിർവഹിക്കുന്നു.
നേരത്തെ സൂര്യ–ബാല ചിത്രമായ ‘വണങ്കാനിൽ’ മമിതയും ഒരു പ്രധാന വേഷം ചെയ്തിരുന്നു. പിന്നീട് തിരക്കഥയിലുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് സൂര്യ ചിത്രത്തിൽ നിന്നും പിന്മാറി.
അതോടെ മമിതയും ആ സിനിമ ഉപേക്ഷിച്ചു. തുടർന്ന് അരുൺ വിജയ് ആണ് സൂര്യയുടെ വേഷം ചെയ്തത്. മമിതയുടെ വേഷത്തിൽ റിധ എത്തി. തന്റെ ഇഷ്ടതാരമായ സൂര്യയ്ക്കൊപ്പം അഭിനയിക്കുക എന്നത് ജീവിതത്തിലെ വലിയൊരു ആഗ്രഹമായിരുന്നുവെന്നു പല അഭിമുഖങ്ങളിലും മമിത പറഞ്ഞിരുന്നു.
അതേസമയം മമിതയ്ക്കു കൈനിറയെ ചിത്രങ്ങളാണ് തമിഴിൽ നിന്നും വരുന്നത്. ‘പ്രേമലു’വിന് ശേഷം മലയാള ചിത്രങ്ങളൊന്നും പുറത്തു വന്നിട്ടില്ലെങ്കിലും തമിഴില്‍ ഒരു പിടി ചിത്രങ്ങളാണ് മമിതയുടെ പേരിൽ അനൗണ്‍സ് ചെയ്തിരിക്കുന്നത്.
റെബല്‍ എന്ന തമിഴ് ചിത്രമായിരുന്നു മമിതയുടേതായി റിലീസ് ചെയ്ത ആദ്യ തമിഴ് ചിത്രം. ജി.വി. പ്രകാശ് കുമാര്‍ നായകനായി എത്തിയ സിനിമ ബോക്സ്ഓഫിസിൽ പരാജമായി.
ജനനായകന് എന്ന വിജയ് ചിത്രത്തില്‍ സുപ്രധാന വേഷത്തില്‍ മമിത എത്തുന്നുണ്ട്. ഇതിനു പിന്നാലെ ‘രാക്ഷസൻ’ ടീം ഒരുക്കുന്ന ‘ഇരണ്ടു വാനം’ എന്ന ചിത്രത്തിലും മമിതയാണ് നായിക. തമിഴിലെ സെന്‍സേഷണല്‍ സംവിധായകനും നടനുമായ പ്രദീപ് രംഗനാഥന് നായകനാകുന്ന ‘ഡ്യൂഡ്’ എന്ന ചിത്രമാണ് മമിതയുടേതായി പുറത്തിറങ്ങാനിരിക്കുന്ന പ്രോജക്ട്.