ഇനി തിയറ്ററിൽ കാണാം; "ഹൃദയപൂർവ്വം' പാക്കപ്പ്
Tuesday, May 20, 2025 11:00 AM IST
മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂർവ്വം ചിത്രീകരണം പൂർത്തിയായി. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്.
സിനിമയുടെ ചിത്രീകരണം പൂർത്തിയായ വിവരം തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയാ അക്കൗണ്ടുകളിലൂടെ മോഹൻലാലാണ് അറിയിച്ചത്. ഇനി തിയറ്ററിൽ കാണാമെന്നാണ് മറ്റുതാരങ്ങൾക്കും അണിയറപ്രവർത്തകർക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ച് അദ്ദേഹം കുറിച്ചത്.
മാളവിക മോഹനനാണ് നായിക. ലാലു അലക്സ്, സംഗീത് പ്രതാപ്, സംഗീത സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് തുടങ്ങിയവരാണ് ഹൃദയപൂർവ്വത്തിലെ മറ്റുപ്രധാനതാരങ്ങൾ.
അഖിൽ സത്യന്റേതാണ് കഥ. നവാഗതനായ ടി.പി. സോനു തിരക്കഥ ഒരുക്കുന്നു. അനൂപ് സത്യനാണ് ചിത്രത്തിന്റെ പ്രധാന സംവിധാനസഹായി. അനു മൂത്തേടത്ത് ഛായാഗ്രഹണവും കെ.രാജഗോപാൽ എഡിറ്റിംഗും നിർവഹിക്കുന്നു. ഗാനങ്ങൾ - മനു മഞ്ജിത്ത്. സംഗീതം - ജസ്റ്റിൻ പ്രഭാകർ.