ഹോം സിനിമ കണ്ടിട്ട് നാലുദിവസം ഉറങ്ങിയില്ല; ചേരൻ പറയുന്നു
Tuesday, May 20, 2025 11:54 AM IST
റോജിൻ തോമസ് സംവിധാനം ചെയ്ത ഹോം സിനിമയെ പ്രശംസിച്ച് നടനും സംവിധായകനുമായ ചേരൻ. ഹോം പോലൊരു സിനിമ തമിഴിൽ ചെയ്യാൻ കഴിയില്ലെന്നും മലയാളം ഇൻഡസ്ട്രി സിനിമകളെ വ്യത്യസ്തമായ രീതിയിലാണ് സമീപിക്കുന്നതെന്നും അതിനാലാണ് ഇവിടെ നല്ല സിനിമകൾ ഉണ്ടാകുന്നതെന്നും ചേരൻ പറഞ്ഞു.
ടൊവീനോ തോമസ് നായകനാകുന്ന നരിവേട്ട എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി സിനി ഉലഗം എന്ന തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു നടന്റെ പ്രതികരണം.
‘‘ഹോം എന്നൊരു സിനിമയുണ്ട്, കണ്ടിട്ടുണ്ടോ? ആ സിനിമ കണ്ടിട്ട് എനിക്ക് നാല് ദിവസം ഉറക്കം വന്നില്ല. എങ്ങനെയാണ് ഈ സിനിമ ചെയ്തത്. ഈ കഥ നമ്മുടെ ഇൻഡസ്ട്രിയിൽ ആരോടെങ്കിലും പറഞ്ഞാൽ അവർ സമ്മതിക്കുമോ? ഇന്ദ്രൻസ് എന്ന നടനാണ് പ്രധാന വേഷം ചെയ്തിരിക്കുന്നത്. ഇവിടെ കരുണാകരനെ പോലൊരു നടനെ വെച്ച് ചെയ്യാമെന്ന് പറഞ്ഞാൽ ആരെങ്കിലും സമ്മതിക്കുമോ?
നമ്മുടെ ഇൻഡസ്ട്രിയുടെ ബിസിനസ് രീതികളും തിയറ്ററുകാരുടെ സമീപനവും മറ്റൊരു തരത്തിലാണ്. മലയാളം ഇൻഡസ്ട്രിയിൽ അത് വ്യത്യസ്തമാണ്. അതാണ് അവിടെ നിരവധി നല്ല സിനിമകൾ വരുന്നതിന് കാരണം.’’ചേരൻ പറഞ്ഞു.
അതേസമയം ചേരൻ മലയാളത്തിലും അരങ്ങേറുകയാണ്. അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന നരിവേട്ടയിലൂടെയാണ് ചേരൻ മലയാളത്തിലെത്തുന്നത്. പോലീസ് ഉദ്യോഗസ്ഥനായാണ് താരം പ്രത്യക്ഷപ്പെടുന്നത്.