‘ചെട്ടിക്കുളങ്ങര’ പാട്ടിന് ചോദിച്ചത് സിനിമയുടെ ബജറ്റിന്റെ ഇരട്ടി; വെളിപ്പെടുത്തി മണിയൻപിള്ള രാജു
Tuesday, May 20, 2025 2:36 PM IST
ഛോട്ടാ മുംബൈയിലെ മോഹൻലാലിന്റെ ഇൻട്രോ ആരെങ്കിലും മറക്കുമോ. ബെൽബോട്ടം പാന്റിട്ട് ചെട്ടികുളങ്ങര എന്ന ഗാനത്തിന് അകമ്പടിയുമായി വാസ്കോ വന്നിറങ്ങുമ്പോൾ ആവേശം അലതല്ലിയത് ആരാധകരുടെ മനസിൽ മാത്രമല്ല, മറിച്ച് എല്ലാ പ്രേക്ഷക ഹൃദയങ്ങളിലുമാണ്.
ഇപ്പോഴിതാ ആ ഗാനം വാങ്ങാനായി ചെലവാക്കേണ്ടി വന്ന തുകയെക്കുറിച്ച് സംസാരിക്കുകയാണ് ചിത്രത്തിന്റെ നിർമാതാവായ മണിയൻപിള്ള രാജു.
"ഛോട്ടാ മുംബൈ' യുടെ റീ റിലീസിന്റെ ഭാഗമായി മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് മണിയൻപിള്ള രാജു പാട്ട് സ്വന്തമാക്കിയതിനു പിന്നിലെ കഥ പറഞ്ഞത്.
1975-ൽ പ്രേം നസീർ നായകനായി എത്തിയ ‘സിന്ധു’ എന്ന ചിത്രത്തിലെ ഹിറ്റ് ഗാനമാണ് ചെട്ടിക്കുളങ്ങര ഭരണിനാളിൽ. ശ്രീകുമാരൻ തമ്പി എഴുതി അർജുനൻ മാസ്റ്റർ സംഗീതം നൽകിയ പാട്ടാണ് ‘ചെട്ടിക്കുളങ്ങര’. പക്ഷേ അവർക്ക് പാട്ടിന്റെ അവകാശം ഉണ്ടായിരുന്നില്ല.
മുംബൈയിലുണ്ടായിരുന്ന എച്ച്എംവിയുടെ കൈവശമായിരുന്നു റൈറ്റ്സ്. അവരോട് ചോദിച്ചപ്പോൾ നാല് ലക്ഷം ആവശ്യപ്പെട്ടു. പിന്നീട് വിലപേശി 2.45 ലക്ഷം രൂപ കൊടുത്തു പാട്ട് വാങ്ങി. നസീറിനെ വച്ച് ചെയ്ത സിനിമയ്ക്ക് ആകെ ചെലവായത് രണ്ടര ലക്ഷം രൂപയായിരുന്നു’, മണിയൻപിള്ള രാജു പറഞ്ഞു.
സമൂഹമാധ്യമങ്ങൾ സജീവമല്ലാത്ത കാലത്തും 10 ലക്ഷത്തോളം ആളുകൾ ‘വാസ്കോഡ ഗാമ’ എന്ന പാട്ട് കേട്ടിരുന്നു എന്നും മണിയൻപിള്ള രാജു പറഞ്ഞു.