മോഹൻലാൽ ഒരു ഭംഗിയാണ്; 65 വയസിന്റെ ഭംഗി
Wednesday, May 21, 2025 10:37 AM IST
മോഹൻലാൽ ഒരു ഭംഗിയാണ്. ആ മനുഷ്യൻ ചിരിക്കുന്നതും കരയുന്നതും അട്ടഹസിക്കുന്നതും എന്തിന് വെറുതെ ഒന്ന് നോക്കുന്നത് പോലും ഭംഗിയാണ്. അതിഭാവുകത്തിന്റെ അഭിനയചാരുത എന്ന ഭംഗി.
65-ാം പിറന്നാളാണ് ഇന്ന് ആ ചാരുത നിറഞ്ഞ മോഹൻലാൽ എന്ന മനുഷ്യന്. കാമുകൻ മുതൽ കരുത്തുറ്റ വേഷങ്ങൾ വരെ ആ നടനിൽ ഭദ്രമാണ്. 18-ാം വയസിൽ തിരനോട്ടം എന്ന ചിത്രത്തിലൂടെ കാമറയ്ക്ക് മുന്നിലെത്തിയെങ്കിലും ആ ചിത്രം വെളിച്ചം കണ്ടില്ല.
സുഹൃത്തുക്കളുടെ തന്നെ നിർമാണ സംരംഭമായ ഭാരത് സിനി ഗ്രൂപ്പ് ആണ് ചിത്രം നിർമിച്ചത്. തിരനോട്ടത്തിൽ ഒരു ഹാസ്യ കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിച്ചത്. എന്നാൽ സെൻസർ ബോർഡുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളാൽ ചിത്രം വെളിച്ചം കണ്ടില്ല.
1980ൽ ഫാസിൽ സംവിധാനം ചെയ്ത മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെയാണ് മോഹൻലാൽ പ്രേഷകർക്കു മുന്നിലെത്തുന്നത്. ചിത്രത്തിൽ മോഹൻലാൽ പ്രതിനായക വേഷത്തിലായിരുന്നു. പിൽക്കാലത്തു വില്ലൻ നായകനായത് ചരിത്രം.
അഭിനയം എങ്ങനെയാണെന്ന് അനായാസം ആ മനുഷ്യൻ കാണിച്ചു. അങ്ങനെ സത്യൻ അന്തിക്കാട് ചിത്രം ടി പി ബാലഗോപാലന് എംഎയിലൂടെ ആദ്യ സംസ്ഥാന അവാർഡ്.

പിന്നീട് നാല് ദേശീയ പുരസ്കാരങ്ങളും ഏഴ് സംസ്ഥാന പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി.
സഞ്ചാരി, ഊതിക്കാച്ചിയ പൊന്ന്, പടയോട്ടം, കുയിലിനെ തേടി, കാറ്റത്തെ കിളിക്കൂട്, എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്, അതിരാത്രം, പൂച്ചയ്ക്കൊരു മൂക്കുത്തി, അടിയൊഴുക്കുകൾ, മുളമൂട്ടിൽ അടിമ, ബോയിങ് ബോയിങ്, പത്താമുദായം, കരിയിലക്കാറ്റുപോലെ, ഹലോ മൈ ഡിയർ റോങ്ങ് നമ്പർ, ഒന്ന് മുതൽ പൂജ്യം വരെ, ദേശാടനക്കിളി കരയാറില്ല, ടി പി ബാലഗോപാലൻ എം എ എന്നിങ്ങനെ 1980 മുതൽ 1986 വരെ വിവിധ തരത്തിലുള്ള സ്വഭാവ, നായകൻ നടനായി സ്ക്രീനിലെത്തി.

തമ്പി കണ്ണന്താനം സംവിധാനം ചെയ്ത രാജാവിന്റെ മകനിലെ വിൻസെന്റ് ഗോമസിലൂടെ പ്രേഷകർക്കു കൈവിടാൻ കഴിയാത്തവണ്ണം മോഹൻലാൽ ഇഴചേരുകയായിരുന്നു.
'നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകളി'ലെ സോളമൻ, 'നാടോടിക്കാറ്റി'ലെ ദാസൻ, 'തൂവാനത്തുമ്പികളി'ലെ ജയകൃഷ്ണൻ, 'ചിത്ര'ത്തിലെ വിഷ്ണു, 'കിരീട'ത്തിലെ സേതുമാധവൻ, 'ഭരത'ത്തിലെ ഗോപി, 'കമലദള'ത്തിലെ നന്ദഗോപൻ, 'ദേവാസുര'ത്തിലെ മംഗലശ്ശേരി നീലകണ്ഠൻ, 'ഇരുവറി'ലെ ആനന്ദൻ, 'വാനപ്രസ്ഥ'ത്തിലെ കുഞ്ഞിക്കുട്ടൻ, 'സ്ഫടിക'ത്തിലെ ആടുതോമ, 'ദശരഥ'ത്തിലെ രാജീവ് മേനോൻ, 'ഉണ്ണികളെ ഒരു കഥപറയാം' എന്ന ചിത്രത്തിലെ എബി അബ്രഹാം, 'തന്മാത്ര'യിലെ രമേശൻ നായർ, 'ദേവദൂതനി'ലെ വിശാൽ കൃഷ്ണ മൂർത്തി, മണിച്ചിത്രത്താഴിലെ ഡോ. സണ്ണി, 'പരദേശി'യിലെ വലിയകത്തു മൂസ, 'ഭ്രമര'ത്തിലെ ശിവൻ കുട്ടി, 'ദൃശ്യ'ത്തിലെ ജോർജ്കുട്ടി, ലൂസിഫറിലെ സ്റ്റീഫൻ നെടുമ്പള്ളി, 'തുടരു'മിലെ ഷണ്മുഖൻ തുടങ്ങിയവ മോഹൻലാലിന്റെ ശ്രദ്ധേയമായ വേഷപകർച്ചകളാണ്.

മലയാളത്തില്‍ ആദ്യമായി 50 കോടി, 100 കോടി, 250 കോടി ക്ലബ്ബുകള്‍ ഒക്കെ തുറന്നത് മോഹന്‍ലാല്‍ ആണ്. വെറും ഒരു മാസത്തെ ഇടവേളയില്‍ തിയറ്ററുകളിലെത്തിയ രണ്ട് മോഹന്‍ലാല്‍ ചിത്രങ്ങള്‍ (എമ്പുരാന്, തുടരും) ആഗോള ബോക്സ് ഓഫീസില്‍ നിന്ന് നേടിയത് 500 കോടിയോളം രൂപയാണ് എന്നതിലുണ്ട് മലയാളി ഈ നടന് നല്കുന്ന സ്നേഹക്കൂടുതലിന്റെ തെളിവ്.