മോഹൻലാലിന്റെ പിറന്നാള്‍ ആഘോഷം കുടുംബത്തിനൊപ്പം തായ്ലന്ഡില്
Wednesday, May 21, 2025 12:22 PM IST
മലയാളത്തിന്റെ നടന വിസ്മയം മോഹന്‍ലാലിന് ഇന്ന് 65- ാം പിറന്നാള്‍. ഇത്തവണത്തെ പിറന്നാള്‍ താരരാജാവ് കുടുംബ സമേതം തായ്ലന്ഡിലാണ് ആഘോഷിക്കുന്നത്. രണ്ടു ദിവസത്തിനു ശേഷം അദ്ദേഹം കൊച്ചിയില്‍ മടങ്ങിയെത്തും.
പിറന്നാള്‍ ദിനത്തില്‍ തന്റെ ആരാധകര്‍ക്കായി സന്തോഷ വാര്‍ത്ത മോഹന്‍ലാല്‍ സാമൂഹ്യ മാധ്യമത്തിൽ പങ്കുവച്ചു. 47 വര്‍ഷത്തെ മോഹന്‍ലാലിന്റെ ജീവിതം പുസ്തകമാകുന്നു എന്ന സന്തോഷം. മുഖരാഗം എന്ന പേരില്‍ ഭാനുപ്രകാശ് ആണ് ലാലിന്റെ ജീവചരിത്രം എഴുതുന്നത്.
നിരവധിപ്പേരാണ് അദ്ദേഹത്തിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചിരിക്കുന്നത്. ഒരുമാസത്തിനിടെ രണ്ട് 200 ക്ലബ് എന്ന അപൂര്‍വമായ നേട്ടവുമായാണ് ഇത്തവണ ആരാധകരുടെ സ്വന്തം ലാലേട്ടന് ജന്മദിനം ആഘോഷിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. സമ്മിശ്ര പ്രതികരണവുമായി എത്തിയ എമ്പുരാന് ബോക്സോഫീസില്‍ വിസ്മയമായപ്പോള്‍, മികച്ച പ്രതികരണവുമായി വന്ന തരുണ്‍മൂര്‍ത്തി ചിത്രം തിയേറ്ററുകളെ പൂരപ്പറമ്പാക്കി. തുടരും ഉണ്ടാക്കിയ അലയൊലി തിയേറ്ററുകളില്‍ ഇനിയും അടങ്ങിയിട്ടില്ല.
ഒരു മോഹന്‍ലാല്‍ ചിത്രത്തിലെ നുറുങ്ങ് സംഭാഷണമോ ഒരു മോഹന്‍ലാല്‍ ചിത്രത്തിലെ ഗാനശകലമോ ഇല്ലാതെ മലയാളിയുടെ ഒരു ദിവസം പോലും മുന്നോട്ട് നീങ്ങുന്നില്ല. ഇത്രയും ഇഴയടുപ്പമുള്ള ഒരു വൈകാരിക ബന്ധം മറ്റൊരു ചലച്ചിത്ര താരവുമായും മലയാളി ഒരുപക്ഷേ കാത്തുസൂക്ഷിക്കുന്നുമുണ്ടാവില്ല.
18ാം വയസില്‍ സുഹൃത്തുക്കളുടെ കൂട്ടായ്മയില്‍ ഒരുങ്ങിയ, ഇതുവരെ വെളിച്ചം കണ്ടിട്ടില്ലാത്ത തിരനോട്ടം എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടാണ് മോഹന്‍ലാല്‍ കാമറയ്ക്ക് മുന്നിലേക്ക് എത്തുന്നത്. ശങ്കര്‍ നായകനായ ഫാസില്‍ ചിത്രം മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ പ്രതിനായക വേഷത്തിലൂടെ ഒരു പുതിയ നടന വൈഭവത്തെ മലയാളി ആദ്യമായി കണ്ടറിഞ്ഞു.
അത് അവരുടെ പ്രിയം നേടിയെടുക്കാന്‍ ഏറെ വൈകിയില്ല. പടയോട്ടവും വിസയും അപ്പുണ്ണിയുമൊക്കെ തുടര്‍ വര്‍ഷങ്ങളില്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തി. 26-ാം വയസില്‍ ടി.പി. ബാലഗോപാലന് എംഎ എന്ന സത്യന് അന്തിക്കാട് ചിത്രത്തിലൂടെ മോഹന്‍ലാലിന് ആദ്യ സംസ്ഥാന അവാര്‍ഡ് ലഭിച്ചു. നാല് ദേശീയ പുരസ്കാരങ്ങളും ഏഴ് സംസ്ഥാന പുരസ്കാരങ്ങളും പില്ക്കാലത്ത് അദ്ദേഹത്തെ തേടിയെത്തി.
പുതിയ ചിത്രമായ തുടരുമിന് ശേഷം മോഹന്‍ലാലിന്റേതായി പുറത്തുവരാനിരിക്കുന്ന സത്യന് അന്തിക്കാടിന്റെ ഹൃദയപൂര്‍വം എന്ന സിനിമയാണ്. നവാഗതനായ ടി.പി. സോനുവിന്റേതാണ് തിരക്കഥ. പതിവ് സത്യന് അന്തിക്കാട് ചിത്രമായിരിക്കില്ല ഹൃദയപൂര്‍വമെന്ന് മോഹന്‍ലാല്‍ തന്നെ പറഞ്ഞിട്ടുണ്ട്.
മോഹന്‍ലാലിന്റേതായി വരാനിരിക്കുന്ന ചിത്രങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളും അനൗദ്യോഗിക റിപ്പോര്‍ട്ടുകളുമൊക്കെ സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ്.
വിപിന്‍ ദാസിന്റെ രചനയില്‍ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന കോമഡി ചിത്രം, അമല്‍ നീരദ്, ബ്ലെസി, ജിത്തു മാധവന്, ലിജോ ജോസ് പെല്ലിശേരി എന്നിവര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ എന്നിങ്ങനെയാണ് പ്രചരിക്കുന്നത്. എന്നാല്‍ ഇതിനൊന്നും സ്ഥിരീകരണമായിട്ടില്ല. ഇതില്‍ ഏതെങ്കിലുമൊക്കെ ചിത്രങ്ങളുടെ പ്രഖ്യാപനങ്ങള്‍ പിറന്നാള്‍ ദിനത്തില്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.