വിരാടിന് കൈയടിച്ച് അപർണയും ബേസിലും പെപ്പയും; ആർസിബി വിജയം ആഘോഷമാക്കി സിനിമതാരങ്ങൾ
Wednesday, June 4, 2025 1:58 PM IST
18 വർഷം നീണ്ട കാത്തിരിപ്പിനൊടുവിൽ ഐപിഎൽ കിരീടത്തിൽ മുത്തമിട്ട ബംഗളൂരു റോയൽ ചലഞ്ചേഴ്സിന് അഭിനന്ദനങ്ങളുമായി സിനിമ താരങ്ങൾ.
നിറകണ്ണുകളോടെ നിൽക്കുന്ന വിരാട് കോഹ്ലിയുടെ ചിത്രം പങ്കുവെച്ചാണ് നടനും സംവിധായകനുമായ ബേസിൽ ജോസഫ് ടീമിന്റെ വിജയത്തിൽ പങ്കുചേർന്നത്. കോഹ്ലിയുടെ ചിത്രത്തിന്റെ കൂടെ, ബേസിൽ ചിത്രം മിന്നൽ മുരളിയിൽ ഗുരു സോമസുന്ദരം കരയുന്ന ചിത്രവും ബേസിൽ പങ്കുവച്ചു. ‘അവസാനം, 18 വർഷം...18 വർഷത്തെ കാത്തിരിപ്പ്' എന്ന അടിക്കുറിപ്പോടെയായിരുന്നു പോസ്റ്റ്.
"18 വർഷം. ജേഴ്സി 18. ഐപിഎൽ 18. രാജാവ് ഒടുവിൽ അത് ഉയർത്തി. ടീമിനും ആരാധകർക്കും പാരമ്പര്യത്തിനും വേണ്ടി. ഇത് വെറുമൊരു കിരീടമല്ല. ഇതൊരു പാരമ്പര്യമാണ്. ഇത് വെറുമൊരു വിജയമല്ല. ക്ഷമയുടെയും പാഷന്റെയും ലക്ഷ്യബോധത്തിന്റെയും കഥയാണ്' എന്ന അടിക്കുറിപ്പോടെയാണ് പെപ്പെയുടെ പോസ്റ്റ്. നടി അപർണ ബാലമുരളിയും ആർസിബിയുടെ വിജയാഘോഷത്തിൽ സ്റ്റോറി പങ്കുവെച്ചു.
‘പതിനെട്ട് വർഷമായി ഈ ദിവസത്തിന് വേണ്ടിയാണ് കാത്തിരുന്നത്’ എന്ന കുറിപ്പോടെയാണ് നടൻ അല്ലു അർജുൻ ആർസിബിയുടെ വിജയം പങ്കുവെച്ചത്.
കാത്തിരിപ്പ് അവസാനിച്ചു എന്നും അല്ലു അർജുൻ കുറിച്ചു. അല്ലു അർജുന്റെ മകൻ അല്ലു അയാനും ആർസിബിയുടെ കട്ട ഫാനാണ്. ടീമിന്റെ വിജയത്തിൽ മകൻ അതീവ സന്തോഷം പ്രകടിപ്പിക്കുന്ന വിഡിയോയും അല്ലു അർജുൻ പങ്കുവച്ചിട്ടുണ്ട്.
രൺവീർ സിംഗ്, വിക്കി കൗശൽ, സംവിധായകൻ പ്രശാന്ത് നീൽ എന്നിവരും ബംഗളൂരുവിന്റെ വിജയത്തിൽ സന്തോഷം പങ്കുവെച്ചിട്ടുണ്ട്.