ആട് 3ക്കു വേണ്ടി കൈകോർത്ത് കാവ്യാ ഫിലിം കമ്പനിയും ഫ്രൈഡേ ഫിലിം ഹൗസും
Thursday, June 12, 2025 2:50 PM IST
മിഥുൻ മാനുവൽ തോമസ് രചിച്ചു സംവിധാനം ചെയ്യുന്ന ആട് 3 എന്ന ബിഗ് ബജറ്റ് ചിത്രത്തിനായി മലയാളത്തിലെ രണ്ട് വമ്പൻ സിനിമാ നിർമ്മാണ കമ്പനികൾ ഒന്നിക്കുന്നു. വേണു കുന്നപ്പിള്ളി നേതൃത്വം നൽകുന്ന കാവ്യാ ഫിലിം കമ്പനി, വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൗസ് എന്നിവയാണ് ഈ വമ്പൻ ചിത്രത്തിനായി ഒന്നിക്കുന്നത്.
മലയാളത്തിലെ ഓൾ ടൈം ബ്ലോക്ക്ബസ്റ്റർ ഹിറ്റായ 2018, അമ്പതു കോടി ക്ലബിൽ ഇടം പിടിച്ച മാളികപ്പുറം, രേഖാചിത്രം തുടങ്ങിയവയും നിർമ്മിച്ചിട്ടുള്ള കാവ്യാ ഫിലിം കമ്പനി, ഇന്ന് മലയാളത്തിലെ ഏറ്റവും വലുതും പ്രേക്ഷക പ്രീതിയുമുള്ള സിനിമാ നിർമാണ കമ്പനികളിൽ ഒന്നാണ്.
മലയാളത്തിൽ ഏറ്റവും കൂടുതൽ നവാഗത സംവിധായകരെ പരിചയപ്പെടുത്തിയിട്ടുള്ള ബാനറാണ് ഫ്രൈഡേ ഫിലിം ഹൗസ്.
22 ചിത്രങ്ങൾ ഇതിനു മുൻപ് നിർമ്മിച്ച ഫ്രൈഡേ ഫിലിം ഹൗസിന്റെ 23–ാമത്തെ ചിത്രമാണ് ആട് 3. ആട് ഒരു ഭീകര ജീവിയാണ്, ആട് 2 എന്നിവക്ക് ശേഷം വമ്പൻ ബഡ്ജറ്റിൽ ഒരുക്കുന്ന എപിക്ക് ഫാന്റസി ചിത്രം ആട് 3 യുടെ ചിത്രീകരണം ഇപ്പോൾ പുരോഗമിക്കുകയാണ്. കാവ്യാ ഫിലിം കമ്പനി, ഫ്രൈഡേ ഫിലിം ഹൗസ് എന്നിവർ നിർമ്മിക്കുന്ന ഏറ്റവും വലിയ ചിത്രം കൂടിയാണ് ആട് 3.
ജയസൂര്യ, വിനായകൻ, വിജയ് ബാബു, സൈജു കുറുപ്പ്, ധർമജൻ ബോൾഗാട്ടി, ഭഗത് മാനുവൽ, രഞ്ജി പണിക്കർ, സണ്ണി വെയ്ൻ, ഇന്ദ്രൻസ്, സൃന്ദ, ബിജുകുട്ടൻ, സുധി കോപ്പ, ഹരികൃഷ്ണൻ എന്നിവരോടൊപ്പം കുറച്ച് സർപ്രൈസ് താരങ്ങളും ചിത്രത്തിൽ പ്രധാന വേഷമിടും.
2025 ക്രിസ്മസ് റിലീസായി പ്ലാൻ ചെയ്യുന്ന ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തു വരും. വാർത്താ പ്രചാരണം- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.