പത്തുമണിക്കൂർ ജോലി എന്നത് സാധ്യമാണ്, അത് ന്യായമാണെന്ന് കരുതുന്നു: ജെനീലിയ ഡിസൂസ
Wednesday, June 18, 2025 8:27 AM IST
സിനിമ താരങ്ങൾക്ക് പത്ത് മണിക്കൂർ ജോലി എന്നത് കഠിനമാണെങ്കിലും അസാധ്യമല്ലെന്ന് നടി ജെനീലിയ ഡിസൂസ. താൻ ഒരു ദിവസം 10 മണിക്കൂർ ജോലി ചെയ്യാറുണ്ടെന്നും ജനീലിയ പറഞ്ഞു.
ജോലി സമയം ഉൾപ്പടെയുള്ള കാരണങ്ങളെത്തുടർന്ന് സന്ദീപ് റെഡ്ഡി വാങ്ക ചിത്രത്തിൽ നിന്ന് ദീപിക പദുക്കോണിനെ മാറ്റിയ സംഭവം വിവാദമായതിനിടെയാണ് ജെനീലിയയുടെ പ്രതികരണം.
‘ഞാൻ ഒരു ദിവസം 10 മണിക്കൂർ ജോലി ചെയ്യുന്നുണ്ട്. സംവിധായകൻ ചിലപ്പോൾ പതിനൊന്നോ പന്ത്രണ്ടോ മണിക്കൂറായി ഷൂട്ട് നീട്ടാൻ ആവശ്യപ്പെടുന്ന ദിവസങ്ങളുണ്ട്. അത് ന്യായമാണെന്നാണ് ഞാൻ കരുതുന്നത്.
പക്ഷേ അതിനുള്ള ക്രമീകരണങ്ങൾക്ക് വേണ്ടി ഞങ്ങൾക്ക് സമയം ആവശ്യമാണെന്ന് മാത്രം. ഒന്നോ രണ്ടോ ദിവസം നിങ്ങൾ അധികസമയം ജോലി ചെയ്യണമെന്നുണ്ടെങ്കിൽ അതൊരു ധാരണയിൽ പോകാവുന്നതാണ്.’’സൂമിന് നൽകിയ അഭിമുഖത്തിൽ ജെനീലിയ പറയുന്നു.
ഒരു ദിവസം ആറ് മണിക്കൂർ ഷൂട്ടിംഗ് സമയം, പ്രതിഫലത്തിനു പുറമെ സിനിമയുടെ ലാഭവിഹിതം തുടങ്ങിയ ഡിമാന്റുകൾ ദീപിക മുന്നോട്ട് വെച്ചതിനെ തുടർന്നാണ് സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്യുന്ന സ്പിരിറ്റ് എന്ന ചിത്രത്തിൽ ദീപിക പദുക്കോണിനെ ഒഴിവാക്കിയത് എന്ന് റിപ്പോർട്ടുണ്ടായിരുന്നു.
പിന്നീട് ദീപികയെ മാറ്റി തൃപ്തി ദിമ്രിയെ സിനിമയിൽ കാസ്റ്റ് ചെയ്യുകയായിരുന്നു. വിഷയത്തിൽ ദീപികയെ പിന്തുണയ്ച്ച് അജയ് ദേവ്ഗണും അമല പോളും അടക്കമുള്ള താരങ്ങൾ രംഗത്ത് വന്നിരുന്നു.