ഒക്ടോബറിൽ കാമറ ജോര്‍ജുകുട്ടിക്കുനേരെ തിരിയും; ദൃശ്യം 3 അപ്ഡേറ്റുമായി ജീത്തു ജോസഫ്
Monday, June 23, 2025 9:41 AM IST
മലയാളക്കര ആകാംഷയോടെ കാത്തിരിക്കുന്ന ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്ന് വ്യക്തമാക്കി സംവിധായകൻ ജീത്തു ജോസഫും ആശീർവാദ് സിനിമാസും. ദൃശ്യം ആദ്യഭാഗത്തിലെ ജോര്‍ജുകുട്ടിയുടെ കണ്ണിന്റെ ക്ലോസ് അപ് ഷോട്ടില്‍ തുടങ്ങുന്ന റീലിനൊപ്പമാണ് ആശിവാര്‍ദ് സിനിമാസ് ഇക്കാര്യം പുറത്തു വിട്ടത്.
ദൃശ്യം 3 ഉടന്‍ വരുന്നു എന്നു പ്രഖ്യാപിച്ചു കൊണ്ടാണ് റീൽ അവസാനിക്കുന്നത്. ജീത്തു ജോസഫ്, മോഹന്‍ലാല്‍, ആന്റണി പെരുമ്പാവൂര്‍ എന്നിവര്‍ പരസ്പരം കൈകൊടുത്തും ആലിംഗനംചെയ്തും സന്തോഷം പങ്കിടുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്.
2025 ഒക്ടോബറില്‍ കാമറ ജോര്‍ജുകുട്ടിക്കുനേരെ തിരിയും. ഭൂതകാലം ഒരിക്കലും നിശബ്ദമായിരിക്കില്ല' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്. ലൈറ്റ്സ്, ക്യാമറ, ഒക്ടോബർ എന്നും വീഡിയോയിലുണ്ട്.
മലയാളം പതിപ്പിനൊപ്പം അജയൻ ദേവ്ഗണ് നായകനാകുന്ന ഹിന്ദി പതിപ്പിന്റെ ചിത്രീകരണവും സമാന്തരമായി നടക്കുമെന്നാണ് സൂചന. ഇതിൽ ഏതു ചിത്രമാകും ആദ്യം പ്രദർശത്തിനെത്തുക എന്ന് വ്യക്തമല്ല.