"ഈച്ച'യാണ് എല്ലാത്തിനും പ്രശ്നം; ലൗലി സിനിമയിലെ വിഎഫ്എക്സ് ഈച്ചയെ ചൊല്ലി തർക്കം
Tuesday, June 24, 2025 3:23 PM IST
മലയാള സിനിമ ‘ലൗലി’ക്കെതിരെ പകര്‍പ്പവകാശലംഘനം ആരോപിച്ച് രാജമൗലി ചിത്രമായ ‘ഈഗ’യുടെ നിര്‍മാതാവ് സായി കൊറപതി. സിനിമയിൽ വിഎഫ്എക്സ് വഴി ചെയ്തിരിക്കുന്ന ഈച്ച തങ്ങളുടെ സിനിമയുടെ ഈച്ചയുടെ അതേ കോപ്പിയാണെന്നാണ് ഇവരുടെ ആരോപണം.
അതേസമയം ആരോപണം നിഷേധിച്ച ലൗലി സിനിമയുടെ സംവിധായകന് ദിലീഷ് കരുണാകരന് വിഷയം നിയമപരമായി നേരിടുമെന്ന് അറിയിച്ചു.
ഈച്ചയുടെ കഥാപാത്ര രൂപകൽപ്പന ഈഗ ടീമിന്റെ ബൗദ്ധിക സ്വത്താണെന്നും സിനിമയുടെ എല്ലാ ദൃശ്യ, സൗന്ദര്യ, ആഖ്യാന ഘടകങ്ങളുടെയും പൂർണ അവകാശം അവർക്കാണെന്നും നോട്ടീസിൽ അവകാശപ്പെടുന്നു.
“ഞങ്ങളുടെ ക്ലൈന്റിന്റെ വ്യക്തമായ സമ്മതമില്ലാതെ ഈ കഥാപാത്രത്തിന്റെ ഏതെങ്കിലും പുനർനിർമാണമോ അനുകരണമോ നിയമപ്രകാരം പകർപ്പവകാശ ലംഘനമാണ്,” നോട്ടീസിൽ പറയുന്നു.
സംവിധായകൻ ദിലീഷ് കരുണാകരൻ കോപ്പിയടി ആരോപണങ്ങൾ ശക്തമായി നിഷേധിച്ചു. സിനിമയുടെ സിജിഐ സ്വതന്ത്രമായി വികസിപ്പിച്ചെടുത്തതാണെന്നും ഇതിനെ പിന്തുണയ്ക്കുന്ന തെളിവുകൾ ടീമിന്റെ പക്കലുണ്ടെന്നും അദ്ദേഹം വാദിച്ചു.