നിവേദ്യം ഇന്നായിരുന്നു റിലീസെങ്കിൽ എന്താകും എന്ന് ഭയമുണ്ട്: വിനു മോഹൻ
Tuesday, July 1, 2025 8:56 AM IST
ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന സിനിമ ഇന്നു റിലീസ് ചെയ്തിരുന്നെങ്കിൽ എന്താകുമായിരുന്നു സ്ഥിതിയെന്ന ആശങ്ക തുറന്നു പറഞ്ഞ് നടൻ വിനു മോഹൻ.
ഇന്ന് ജെഎസ്കെ എന്ന സിനിമയ്ക്കു വന്ന അവസ്ഥ നാളെ ഏതു സിനിമയ്ക്കും വരാമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനാണ് പ്രതിഷേധ പരിപാടിയുമായി മുന്നോട്ട് പോകുന്നതെന്നും സിനിമാസംഘടനകൾ സംയുകതമായി സംഘടിപ്പിച്ച പ്രതിക്ഷേധത്തിൽ പങ്കെടുത്തുകൊണ്ട് വിനു മോഹൻ പറഞ്ഞു.
‘‘പണ്ട് ‘നിർമാല്യം’ സിനിമയിൽ വിഗ്രഹത്തിൽ തുപ്പുന്നുണ്ട് അത് ഒരു ക്രിയേറ്ററുടെ സൃഷ്ടി ആണ്. അതൊക്കെ വളരെ മഹത്തരമായിട്ടാണ് നമ്മൾ കാണുന്നത്. ഞാൻ അഭിനയിച്ച ‘നിവേദ്യം’ എന്ന സിനിമയിൽ ഒരു സീക്വൻസ് ഉണ്ട്. ആ സീനൊക്കെ ഇപ്പോൾ വന്നാൽ എന്തായിരിക്കും പ്രതികരണം എന്ന് എനിക്ക് പേടിയുണ്ട്.
കാലം പോകുന്തോറും നമ്മൾ പിന്നിലേക്കു പോകുന്ന ഒരു പ്രവണത കണ്ടുവരുന്നുണ്ട്. എല്ലാവരും ഒരുമിച്ച് ഒരേ മനസോടെ പോകുന്ന സമൂഹമാണ് നമ്മുടേത് ആ സമൂഹത്തിൽ നിന്ന് ഇങ്ങനെ ഒരു കാര്യം വരുമ്പോൾ എല്ലാവരും തമ്മിൽ അകന്നുപോകുന്ന അവസ്ഥ വരും.
പുതിയ തലമുറ നമ്മുടെ നാട്ടിൽ നിന്ന് ഓടി രക്ഷപെട്ട് പുറത്തേക്ക് പോകുന്ന അവസ്ഥ വരുന്ന രീതിയിലേക്ക് എത്തുന്നത് ഈ രീതിയിലുള്ള ചിന്താഗതി കാരണമാണ്. സിനിമ ചെയ്യുന്നവർക്ക് ആവിഷ്കാര സ്വാതന്ത്ര്യമുണ്ട്. അത് അംഗീകരിക്കുമോ ഇല്ലയോ എന്നുള്ളത് കാണുന്ന പ്രേക്ഷകർക്ക് തീരുമാനിക്കാം. അതിനെതിരെ ഇത്തരത്തിലുള്ള വിവാദം ഉണ്ടാക്കുക എന്നുള്ളത് സത്യം പറഞ്ഞാൽ വളരെ വിഷമം ഉണ്ടാക്കുന്ന കാര്യമാണ്.
അതുകൊണ്ടു തന്നെയാണ് ഈ പ്രതിക്ഷേധ പരിപാടിയിൽ പങ്കെടുക്കാം എന്ന് തീരുമാനിച്ചത്. മുൻപ് എം.ബി. പദ്മകുമാറിന്റെ സിനിമയ്ക്ക് ഇങ്ങനെ ഒരു അവസ്ഥ വന്നിരുന്നു. ഇനിയും ഭാവിയിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ നടന്നേക്കാം. അങ്ങനെ നടക്കാതിരിക്കാനാണ് ഇത്തരത്തിലുള്ള പ്രതിഷേധ പരിപാടിയിലേക്ക് പോകുന്നത്.’’വിനു മോഹൻ പറഞ്ഞു.