"പേര് ദുരുപയോഗംചെയ്തു'; നരിവേട്ട സിനിമയ്ക്കെതിരെ മുൻപോലീസ് ഉദ്യോഗസ്ഥൻ ഡിജിപിയുടെ വാർത്താസമ്മേളനത്തിൽ
Tuesday, July 1, 2025 1:30 PM IST
ടൊവീനോ തോമസ് നായകനായ നരിവേട്ട എന്ന ചിത്രത്തിനെതിരെ ആരോപണമുന്നയിച്ച് മുൻ പോലീസ് ഉദ്യോഗസ്ഥൻ. റവാഡ ചന്ദ്രശേഖര്‍ ഡിജിപിയായി ചുമതലയേറ്റെടുത്തതിന് പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അതിക്രമിച്ചുകയറിയാണ് പരാതി ഉന്നയിച്ചത്.
നരിവേട്ടയില്‍ തന്റെ പേര് ദുരുപയോഗം ചെയ്തെന്നാണ് വിരമിച്ച പോലീസ് ഉദ്യോഗസ്ഥനായ ബഷീര്‍ ഇ.പിയുടെ ആരോപണം. ഡിജിപിയുടെ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്ത്തകന് എന്ന വ്യാജേനയാണ് ബഷീര്‍ ഹാളിലെത്തിയത്.
മുത്തങ്ങ സംഭവവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ തിയറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുന്ന ഒരു സിനിമയില്‍ തന്റെ അറിവോ സമ്മതമോ ഇല്ലാതെ പേര് ഉപയോഗിച്ചു എന്നാണ് ബഷീറിന്റെ പരാതി.
നരിവേട്ടയില്‍ സുരാജ് വെഞ്ഞാറമ്മൂട് അവതരിപ്പിച്ച ബഷീര്‍ എന്ന കഥാപാത്രത്തെ ലക്ഷ്യമിട്ടാണ് ബഷീറിന്റെ ആരോപണം. മുത്തങ്ങ സംഭവം നടക്കുമ്പോള്‍ താന്‍ കണ്ണൂര്‍ ഡിഐജി ഓഫീസില്‍ ജോലിചെയ്യുകയായിരുന്നുവെന്ന് ബഷീര്‍ പറഞ്ഞു.
""മുത്തങ്ങ സംഭവവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഓടിക്കൊണ്ടിരിക്കുന്ന ഒരു സിനിമയില്‍ എന്റെ അറിവോ സമ്മതമോ ഇല്ലാതെ പോലീസ് ഉദ്യോഗസ്ഥന്മാര് എന്റെ പേര് ഉപയോഗിച്ചു. ചിത്രത്തില്‍ ബഷീര്‍ എന്ന ഒരു കഥാപാത്രമുണ്ട്.
ആ സമയത്ത് കണ്ണൂര്‍ ഡിഐജി ഓഫീസില്‍ ജോലിചെയ്ത ബഷീര്‍ എന്ന ഉദ്യോഗസ്ഥനാണ് ഞാന്‍. എന്റെ പേര് അറിവോ സമ്മതമോ ഇല്ലാതെ സിനിമാക്കാര് തരുന്ന കാശിന് വേണ്ടി ദുരുപയോഗം ചെയ്തു.
പോലീസില്‍ കുറച്ചുകാലം പണിയെടുത്ത് സിനിമയുടെ മായിക ലോകത്ത് പോയ പോലീസുകാരാണ് ഇതിന്റെ തിരക്കഥ ഉണ്ടാക്കിയത്.'' ബഷീര്‍ ആരോപിച്ചു.