ജീവിതത്തിൽ ഏറ്റവും അധികം സ്വാധീനം ചെലുത്തിയ ആൾ; വൈശാഖൻ തമ്പിയെ പരിചയപ്പെടുത്തി മീനാക്ഷി
Tuesday, July 1, 2025 3:49 PM IST
തന്റെ ജീവിതത്തിൽ ഏറ്റവും സ്വാധീനിച്ചയാളെ ആരാധകർക്കായി പരിചയപ്പെടുത്തി നടി മീനാക്ഷി അനൂപ്. തന്റെ എഴുത്തിലും സംഭാക്ഷണത്തിലും വന്ന മാറ്റങ്ങൾക്ക് കാരണക്കാരനായ വ്യക്തിയെ പരിചയപ്പെടുത്തുകയാണ് എന്നു പറഞ്ഞാണ് അധ്യാപകനും പ്രഭാഷകനുമായ വൈശാഖൻ തമ്പിക്കൊപ്പമുള്ള ചിത്രം മീനാക്ഷി പങ്കുവച്ചത്.
എന്നെങ്കിലും അദ്ദേഹത്തെ നേരിട്ട് കാണുമെന്ന് കരുതിയില്ലെന്നും സ്വപ്ന തുല്യമായ ആ നിമിഷം വന്നെത്തിയപ്പോൾ യൗവനത്തിലേക്ക് സ്വാഗതം എന്നാണ് അദ്ദേഹം പറഞ്ഞതെന്നും മീനാക്ഷി പറഞ്ഞു.
‘‘ഇദ്ദേഹം എനിക്ക് ഒരു റോൾ മോഡലിനേക്കാൾ ഉപരിയാണ്. ആദ്യം തന്നെ പറയട്ടെ എന്റെ ജീവിതത്തിൽ ഇത്രത്തോളം എന്നെ സ്വാധീനം ചെലുത്തിയ മറ്റൊരു മനുഷ്യനില്ല. കുറച്ച് നാളുകളായി എല്ലാവരും ചോദിക്കുന്ന കാര്യമാണ് മീനാക്ഷിക്ക് എന്താണൊരു മാറ്റം എഴുത്തിലും സംസാരത്തിലുമൊക്കെ ഒരു മാറ്റമുണ്ടല്ലോ. ആ മാറ്റത്തിന്റെ കാരണത്തിനൊപ്പമാണ് ഞാനിന്ന് നിൽക്കുന്നത്.
ഞാനെന്റെ ജീവിതത്തിൽ ഇത്ര നീണ്ടു നിൽക്കുന്നൊരു സംഭാഷണം മറ്റാരുമായും നടത്തിയിട്ടില്ല. ഇനി മറ്റാരെങ്കിലുമായി അങ്ങനെയൊരു സംഭാഷണം സാധ്യമാണോ എന്നത് തീർച്ചയായും വലിയൊരു ചോദ്യം തന്നെയാണ്.
മൈത്രേയനേയും വൈശാഖൻ തമ്പിയേയും എന്റെഅച്ഛൻ വളരെ നിർബന്ധിച്ചാണ് കേൾപ്പിച്ചിരുന്നത്. പക്ഷേ ഇന്ന് ഇവരെന്റെ ജീവിതത്തിന്റെ വലിയൊരു ഭാഗമാണ്.
ഒരിക്കൻ നേരിൽ കണ്ടാൽ ചോദിക്കാൻ മാറ്റിവെച്ചിരുന്ന എല്ലാ സംശയങ്ങളും ചോദിച്ച് തീരും മുമ്പേ എന്നോട് പറഞ്ഞു, ‘‘ഒന്നും പേടിക്കാനില്ല, യൗവനത്തിലേക്ക് സ്വാഗതം’’. എന്റെ മുന്നിൽ യാഥാർഥ്യമായതിനു നന്ദി. ’’ മീനാക്ഷി കുറിച്ചു.