"വിസ്മയത്തുടക്കം'; വിസ്മയ മോഹൻലാൽ സിനിമയിലേയ്ക്ക്
Tuesday, July 1, 2025 4:10 PM IST
മോഹൻലാലിന്റെ മകൾ വിസ്മയയും വെള്ളിത്തിരയിലേക്ക് ചുവടുവയ്ക്കുന്നു. ആശീർവാദ് സിനിമാസ് നിർമിക്കുന്ന 37-ാം ചിത്രത്തിലൂടെയാണ് വിസ്മയ ചലച്ചിത്ര ലോകത്തിലേക്ക് പ്രവേശിക്കുന്നത്. താരപുത്രി നായികയാകുന്ന "തുടക്കം' എന്ന ചിത്രം സംവിധാനം ചെയ്യുന്നത് യുവനിരയിലെ ശ്രദ്ധേയനായ ജൂഡ് ആന്തണി ജോസഫാണ്.
മായ എന്നു വിളിപ്പേരുള്ള വിസ്മയ അച്ഛന്റെയും ചേട്ടൻ പ്രണവിന്റെയും പാത പിന്തുടർന്നാണ് സിനിമയിലേക്ക് എത്തുന്നത്. മോഹൻലാൽ അടക്കമുള്ള പ്രമുഖരുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെയാണ് ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്.

ദീർഘനാളായി തായ്ലൻഡിൽ ആയോധന കലകളില്‍ പരിശീലനത്തിലായിരുന്നു വിസ്മയ. എഴുത്ത്, വായന, വര, ക്ലേ ആര്‍ട്ടുകള്‍ എന്നിവയെല്ലാം താരപുത്രിയുടെ ഇഷ്ടമേഖലയാണ്. വിസ്മയ എഴുതിയ ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ് എന്ന പുസ്തകം ഏറെ ശ്രദ്ധ നേടിയിരുന്നു.
പാശ്ചാത്യസംഗീതത്തിലും താരപുത്രിക്ക് താത്പര്യമുണ്ട്. ഇത്തരം കഴിവുകള്‍ക്കും താത്പര്യങ്ങള്‍ക്കും പുറമെ കുടുംബത്തോടുള്ള ബന്ധത്തെക്കുറിച്ചും വിസ്മയ ഇൻസ്റ്റഗ്രാമിൽ കുറിപ്പുകൾ പങ്കുവയ്ക്കാറുണ്ട്.