നിരാശപ്പെടുത്തില്ല ലാലേട്ടാ, ചേച്ചി; വിസ്മയയുടെ തുടക്കം ജൂഡ് ആന്തണി ചിത്രത്തിലൂടെ
Wednesday, July 2, 2025 8:52 AM IST
മോഹൻലാലിന്റെ മകൾ വിസ്മയ ആദ്യമായി നായികയാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജൂഡ് ആന്തണി ജോസഫ്. തുടക്കം എന്നു പേരിട്ടിരിക്കുന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ ജൂഡ് പുറത്തു വിട്ടു.
ഹൃദയഹാരിയായ കുറിപ്പിനൊപ്പമാണ് ടൈറ്റിൽ പോസ്റ്റർ ജൂഡ് പങ്കുവച്ചത്. നിരാശപ്പെടുത്തില്ല ലാലേട്ടാ, ചേച്ചി എന്ന ആമുഖത്തോടെയാണ് ജൂഡിന്റെ പോസ്റ്റ്.
ഇതൊരു നിയോഗമായി കാണുന്നു. എന്റെ ലാലേട്ടന്റെയും സുചിചേച്ചിയുടെയും പ്രിയപ്പെട്ട മായയുടെ ആദ്യ സിനിമ എന്നെ വിശ്വസിച്ചു ഏല്പിക്കുമ്പോൾ ഞാൻ കണ്ടതാണ് ആ കണ്ണുകളിൽ നിറഞ്ഞ സന്തോഷവും പ്രതീക്ഷയും. നിരാശപ്പെടുത്തില്ല ലാലേട്ടാ.. ചേച്ചി...!
കൂടുതൽ അവകാശവാദങ്ങൾ ഒന്നുമില്ല, ഒരു കുഞ്ഞു സിനിമ. എന്നും എന്റെ മനസ് പറയുന്ന സിനിമകളാണ് ഞാൻ ചെയ്തിട്ടുള്ളത്. ഇന്നും അങ്ങനെ തന്നെ. ആന്റണി ചേട്ടാ ഇതൊരു “ആന്റണി -ജൂഡ് ‘തുടക്ക’മാകട്ടെ എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു. പ്രിയ പ്രേക്ഷകർ കൂടെ നിൽക്കുമെന്ന പ്രതീക്ഷയോടെ.
വലിയ സ്വീകാര്യതയാണ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററിന് ലഭിക്കുന്നത്. ചിത്രത്തിൽ നായികാവേഷത്തിലാണ് വിസ്മയ മോഹൻലാൽ എത്തുന്നത്. സിനിമയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ആയോധനകലകളിൽ നൈപുണ്യമുള്ള വിസ്മയയുടെ ഗംഭീരൻ ആക്ഷൻ രംഗങ്ങൾ ഉൾക്കൊള്ളുന്ന സിനിമയാകുമോ ‘തുടക്കം’ എന്ന് ഉറ്റുനോക്കുകയാണ് പ്രേക്ഷകർ.