ബ്രഹ്മാണ്ഡ ചിത്രവുമായി പവൻ കല്യാൺ; കേരളത്തിൽ വിതരണം ദുൽഖർ; ഹരിഹര വീര ട്രെയിലർ
Friday, July 4, 2025 8:57 AM IST
തെലുങ്ക് സൂപ്പർതാരം പവൻ കല്യാണിനെ നായകനാക്കി ജ്യോതി കൃഷ്ണ സംവിധാനം ചെയ്യുന്ന ഹരിഹര വീര മല്ലു പാർട്ട് 1 ട്രെയിലർ പുറത്ത്. മെഗാ സൂര്യ പ്രൊഡക്ഷൻസിന്റെ കീഴിൽ എ.എം. രത്നം അവതരിപ്പിക്കുകയും എ. ദയാകർ റാവു നിർമിക്കുകയും ചെയ്ത ഈ ചിത്രം 2025 ജൂലൈ 24ന് തിയറ്ററുകളിലെത്തും. ദുൽഖർ സൽമാന്റെ വേഫറർ ഫിലിംസ് ആണ് ചിത്രം കേരളത്തിലെത്തിക്കുന്നത്.
പവൻ കല്യാൺ ആരാധകർക്കും സിനിമാ പ്രേമികൾക്കും ഏറെ ആവേശം നൽകുന്ന ട്രെയിലർ ആണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. വിമത യോദ്ധാവായ വീര മല്ലുവായി പവൻ കല്യാണിനെ അവതരിപ്പിക്കുന്നു.
മുഗൾ ശക്തിയെ വെല്ലുവിളിക്കുന്ന കഥാപാത്രമായാണ് പവൻ കല്യാൺ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. മുഗൾ സാമ്രാജ്യത്തിലെ ഏറ്റവും കുപ്രസിദ്ധരായ ഭരണാധികാരികളിൽ ഒരാളായ ഔറംഗസേബിന്റെ വേഷത്തിൽ ബോബി ഡിയോൾ അഭിനയിക്കുന്നു.
കോഹിനൂർ രത്നത്തിനായുള്ള പോരാട്ടം തുടരവേ, വീര മല്ലു, മുഗളരെ നേരിടുമ്പോഴാണ് ഈ ഇതിഹാസ തുല്യമായ ഏറ്റുമുട്ടൽ ആരംഭിക്കുന്നത്.
പഞ്ചമി എന്ന കഥാപാത്രമായി നിധി അഗർവാൾ ആണ് ചിത്രത്തിലെ നായികയായി അഭിനയിച്ചിരിക്കുന്നത്. പാൻ ഇന്ത്യൻ റിലീസായാണ് ചിത്രം എത്തുന്നത്.
ഛായാഗ്രഹണം ജ്ഞാന ശേഖർ വി.എസ്, മനോജ് പരമഹംസ, സംഗീതം കീരവാണി, എഡിറ്റിംഗ് പ്രവീൺ കെ.എൽ., പ്രൊഡക്ഷൻ ഡിസൈനർ തോട്ട തരണി.