പോക്സോ കേസ് പ്രതിയുമായി പുതിയ പടം; നയൻതാരയ്ക്കും വിഗ്നേഷ് ശിവനും വിമർശനം
Friday, July 4, 2025 11:31 AM IST
സംവിധായകൻ വിഗ്നേഷ് ശിവനും നടി നയൻതാരയ്ക്കുമെതിരെ വിമർശനം കനക്കുന്നു. പോക്സോ കേസ് പ്രതിയും കൊറിയോഗ്രാഫറുമായ ജാനി മാസ്റ്ററുമായി പുതിയ സിനിമയിൽ പ്രവർത്തിക്കുന്നതിനെതിരെയാണ് വിമർശനം.
2024 സെപ്റ്റംബറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് പോക്സോ കേസില്‍ ജാനി മാസ്റ്റര്‍ അറസ്റ്റിലായിരുന്നു. കേസില്‍ അറസ്റ്റിലായതിന് പിന്നാലെ ജാനി മാസ്റ്ററുടെ പേരില്‍ പ്രഖ്യാപിച്ച ദേശീയ ചലച്ചിത്ര പുരസ്കാരവും റദ്ദാക്കിയിരുന്നു.
ഇതിന് പിന്നാലെയാണ് വിഗ്നേഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ലവ് ഇൻഷുറൻസ് കമ്പനിയുടെ കൊറിയോഗ്രാഫറായി ജാനി എത്തുന്നത്.
വിഘ്നേഷ് ശിവനോടൊപ്പം ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നുള്ള ഒരു ഫോട്ടോയും വീഡിയോയും പങ്കുവെച്ചതോടെയാണ് വിമർശനങ്ങൾക്ക് തുടക്കം കുറിച്ചത്.
എന്നോടുള്ള കരുതലിനും എനിക്ക് നല്കിയ സ്നേഹത്തിനും സന്തോഷത്തിനും നന്ദി എന്നാണ് വിഘ്നേഷിനൊപ്പമുള്ള ചിത്രം പങ്കിട്ടുകൊണ്ട് ജാനി മാസ്റ്റർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ചത്. ഈ പോസ്റ്റിന് സ്വീറ്റ് മാസ്റ്റര്‍ ജി എന്ന് വിഘ്നേഷ് കമന്റും ചെയ്തിരുന്നു.
ഇതിന് പിന്നെലെയാണ് വിഘ്നേഷിനെയും നയന്‍താരയെയും വിമര്‍ശിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ നിറയുന്നത്. ഗായിക ചിന്മയി അടക്കമുള്ളവർ രംഗത്തെത്തിയിട്ടുണ്ട്.
പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരായ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് ജാനി ജാമ്യത്തിൽ പുറത്തിറങ്ങിയിരിക്കുന്നു. ഒരു ജനത എന്ന നിലയിൽ നമ്മൾ കഴിവുള്ള കുറ്റവാളികളെ സ്നേഹിക്കുന്നതായി തോന്നുന്നു, അവരെ പ്രോത്സാഹിപ്പിക്കുകയും അധികാര സ്ഥാനങ്ങളിൽ നിലനിർത്തുകയും ചെയ്യും, കുറ്റവാളികൾ സ്ത്രീകളെ കൂടുതൽ കുറ്റപ്പെടുത്താൻ ഉപയോഗിക്കുന്നു.
എനിക്ക് ഒന്നും സംഭവിക്കരുത്. നമ്മൾ അങ്ങനെയാണ്. ചിന്മയി പറഞ്ഞു. എന്നാൽ ഈ വിഷയത്തിൽ നയന്‍താരയും വിഘ്നേഷും പ്രതികരിച്ചിട്ടില്ല.