ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടി വിവരക്കേട് വിളിച്ചു കൂവരുത്, പ്രേം നസീർ ടിനിയെ പോലെ വിഗ് വച്ച് നടന്നിട്ടില്ല: എം.എ. നിഷാദ്
Friday, July 4, 2025 1:09 PM IST
ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടി വിവരക്കേട് വിളിച്ചു കൂവുന്നത് നടനും മിമിക്രി താരവുമായ ടിനി ടോം നിർത്തണമെന്ന് സംവിധായകൻ എം.എ. നിഷാദ്. ടിനി ടോം പ്രേം നസീറിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് നിഷാദിനെ ചൊടിപ്പിച്ചത്.
ശ്രീ പ്രേംനസീർ സിനിമ ഇല്ലാതെ സ്റ്റാർഡം പോയി മനസ് വിഷമിച്ച് അടൂർ ഭാസിയുടെയും ബഹദൂറിന്റെയും വീട്ടിൽ പോയിരുന്നു കരഞ്ഞിരുന്നു എന്ന് ടിനി ടോം പറഞ്ഞിരുന്നു. എല്ലാ ദിവസവും മേക്കപ്പിട്ട് വീട്ടിൽ നിന്നിറങ്ങിയിട്ട് സിനിമ കിട്ടാതെ കരഞ്ഞു കരഞ്ഞാണ് ശ്രീ പ്രേം നസീർ മരിച്ചതെന്നും ടിനി ടോം പറഞ്ഞു.
എന്നാൽ സുന്ദരനും സമ്പന്നനുമായിരുന്ന പ്രേം നസീറിന് ടിനി ടോമിനെപ്പോലെ വിഗ് വച്ച് മേക്കപ്പിട്ട് ഇറങ്ങേണ്ട ആവശ്യമില്ലായിരുന്നുവെന്നും സിനിമ ഇല്ലാത്ത സമയത്ത് ജീവകാരുണ്യ പ്രവർത്തനത്തിലും രാഷ്ട്രീയപ്രവർത്തനത്തിലും പ്രേംനസീർ സജീവമായിരുന്നു എന്നും നിഷാദ് പറയുന്നു.
‘‘ദൈനംദിന ജീവിതത്തിൽ നാം പലതരം ആളുകളെ കാണാറുണ്ട്, പരിചയപ്പെടാറുണ്ട്. അവരിൽ ബുദ്ധിയുളളവരുണ്ട്, വിവരമുളളവരുണ്ട്, മര്യാദക്കാരും, മര്യാദകെട്ടവരുമുണ്ട്. പക്ഷെ പബ്ളിസിറ്റിക്ക് വേണ്ടി വെർബൽ ഡയറിയ അഥവാ ശുദ്ധ ഭോഷ്ക്ക് വിളിച്ച് പറയുന്ന വിവരദോഷികളായവരുമുണ്ട്.
അത്തരം ഒരു മാന്യദേഹമാണ് ടിനി ടോം എന്ന മിമിക്രി, സ്കിറ്റ്, സിനിമാപ്രവർത്തകൻ. പ്രേംനസീർ ആരാണെന്ന് അയാൾക്കിന്നും മനസിലായിട്ടില്ല. മലയാള സിനിമയിലെ നിത്യ വസന്തം ശ്രീ പ്രേംനസീറിനെ പറ്റി ടിനി ടോം പറഞ്ഞ വാക്കുകളാണ് ഈ കുറിപ്പെഴുതാൻ എന്നെ പ്രേരിപ്പിച്ചത്.
ശ്രീ പ്രേം നസീറിനെ അടുത്തറിയുന്ന വ്യക്തി എന്ന നിലയിലും, അദ്ദേഹത്തിന്റെ ബന്ധു എന്ന നിലയിലും ടിനി ടോമിന് മറുപടി കൊടുക്കേണ്ടത് ഒരത്യാവശ്യമാണെന്ന് ഞാൻ കരുതുന്നു..
32 വർഷത്തോളം മലയാള സിനിമയിലെ നിറസാന്നിധ്യമായിരുന്ന പ്രേം നസീറിന് ടിനി ടോം പറയുന്നത് പോലെ ഒരു ഗതികേടും സംഭവിച്ചിട്ടില്ല. മുഖം മിനുക്കാൻ മേക്കപ്പ് ഇട്ട നടക്കേണ്ട സാഹചര്യവുമുണ്ടായിട്ടില്ല.
അടിമുടി സുന്ദരനായ നസീർ സാറിന് ടിനി ടോമിനെ പോലെ വിഗ്ഗും വച്ച് നടക്കേണ്ടിയും വന്നിട്ടില്ല. 1986-ൽ അദ്ദേഹത്തിന് സിനിമയിൽ തിരക്ക് കുറഞ്ഞു എന്നുളളത് ഒരു യാഥാർഥ്യമാണ്. പക്ഷെ, ആ സമയം അദ്ദേഹം രാഷ്ട്രീയ പ്രവേശനം നടത്തിയിരുന്നു.
പൊതുപ്രവർത്തനത്തിന്റെ തിരക്കുകളിലും, നാഷണൽ ഫിലിം അവാർഡ് കമ്മിറ്റി ജൂറി ചെയർമാനായിരുന്നു പ്രേം നസീർ. സുഹാസിനിക്ക് സിന്ദുഭൈരവി എന്ന ചിത്രത്തിന് മികച്ച നടിക്കുളള അവാർഡും, മലയാളത്തിന്റെ ഭാവഗായകൻ പി. ജയചന്ദ്രന് ആദ്യമായിട്ട് മികച്ച ഗായകനുളള അവാർഡ് ലഭിച്ചതും നസീർ സാർ ജൂറി ചെയർമാനായി ഇരുന്നപ്പോളാണ്.
(അടുർ ഭാസിയുടേയും, ബഹദൂറിന്റെയും വീട്ടിൽ പോയിയിരുന്ന് കരയാൻ അദ്ദേഹത്തിന് നേരമില്ലായിരുന്നു എന്ന് സാരം. ടിനി ടോം നോട്ട് ചെയ്യുമല്ലോ).
1987-ൽ ലോക പര്യടനത്തിന് പോയ ശ്രീ പ്രേംനസീർ തിരിച്ച് വന്ന് അഭിനയിച്ച പടമാണ് എ.ടി. അബു സംവിധാനം ചെയ്ത "ധ്വനി'. 1987-ൽ റിലീസായ ചിത്രം നല്ല വിജയം നേടിയ ചിത്രമാണ്. പ്രശസ്ത സംഗീത സംവിധായകൻ നൗഷാദ് ആദ്യമായി മലയാള സിനിമയിൽ സംഗീതം നിർവ്വഹിച്ച സിനിമയെന്ന പ്രത്യേകതയും ധ്വനി എന്ന ചിത്രത്തിന് സ്വന്തം.
ഒരു സിനിമ സംവിധാനം ചെയ്യണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. പക്ഷെ എന്ത് കൊണ്ടോ അത് നടന്നില്ല. ശ്രീ പ്രേംനസീർ അദ്ദേഹത്തിന്റെ മരണം വരെ ആരോടും വേഷത്തിന് വേണ്ടി യാചിച്ചിട്ടില്ല. പകരം മറ്റുളളവരെ സഹായിക്കാനും ജീവകാരുണ്യ പ്രവർത്തനത്തിലും അദ്ദേഹം സജീവമായിരുന്നു.
അതിനുളള സാമ്പത്തിക ഭദ്രതയും അദ്ദേഹത്തിനുണ്ടായിരുന്നു. അത് കൊണ്ട് മിസ്റ്റർ ടിനി ടോം വിട്ട് പിടി. വായിൽ തോന്നുന്നത് കോതക്ക് പാട്ടെന്ന രീതി ഇനിയെങ്കിലും താങ്കൾ അവസാനിപ്പിക്കുക. അമ്പിളി അമ്മാവനെ നോക്കി ശ്വാനൻ ഓളിയിടുന്നത് പോലെ വിവരക്കേട് വിളിച്ച് കൂവരുത്.
ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടി ഇതിന് മുമ്പും പല വിവരക്കേടും വിളമ്പിയിട്ടുളള താങ്കൾ വായ പൂട്ടുന്നതായിരിക്കും ഉചിതം. ഇംഗ്ലീഷിൽ 'Shut up' എന്ന് പറയും.
അമ്മ സംഘടനാ നേതാക്കളുടെ ശ്രദ്ധക്ക്, ഈ വിവരദോഷിക്ക് നല്ല നടപ്പിനാവശ്യമായ പരിശീലനം നൽകുന്നത് നന്നായിരിക്കും. എക്സിക്ക്യൂട്ടീവ് മെമ്പറല്ലേ ഒരു കരുതൽ നല്ലതാ’’.
ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ ടിനി ടോം ശ്രീ പ്രേം നസീറിനെക്കുറിച്ച് പറഞ്ഞതിനു പിന്നാലെയാണ് എം.എ നിഷാദ് ഇത്തരത്തിലൊരു കുറിപ്പുമായി എത്തിയത്. ആ അഭിമുഖത്തിൽ ടിനി ടോം ഇപ്രകാരമാണ്.
‘‘നസീർ സർ മനസ് വിഷമിച്ചാണ് മരിച്ചത്. കാരണം അദ്ദേഹത്തിന്റെ സ്റ്റാർഡം പോയി. എല്ലാ ദിവസവും കാലത്ത് മേക്കപ്പിട്ട് ഇറങ്ങും. സിനിമയില്ല. ബഹദൂർക്കയുടെയും അടൂർ ഭാസി സാറിന്റെയും വീട്ടിൽ പോയിരുന്ന് കരയും.
കരഞ്ഞ് കരഞ്ഞ് അങ്ങനെ മനസ് വിഷമിച്ചാണ് മരിച്ചതെന്ന് പറയുന്നു. ഞാൻ നാളെ ഇവിടെ ഉണ്ടാകണമെന്നില്ല. ഈ പറയുന്ന ഞാൻ പോലും ഡിപ്രസ്ഡ് ആകും. ഏഴ് വർഷം അമ്മ സംഘടനയിൽ നിന്ന് കണ്ടതും പഠിച്ചതും എനിക്ക് തന്നെ ട്രോമയായി.
ടി.പി. മാധവൻ എന്ന നടൻ ഈയടുത്ത് മരിച്ചു. അനാഥനായാണ് മരിച്ചത്. ക്ലബുകളിലായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ലക്ഷ്വറി ലൈഫ്. അവസാനം ഒരു അനാഥാലയത്തിലായി. റീത്ത് വെക്കാൻ പോകുമ്പോൾ ബന്ധുക്കൾ ആരുമില്ലായിരുന്നു.’’