മാധ്യമങ്ങൾ അത്രയ്ക്ക് അധഃപതിച്ചു, നിങ്ങളുടെ ആദ്യത്തെ ഇര ഞാനല്ല, അവസാനത്തേത് ആകാൻ ശ്രമിക്കും; മാധവ് സുരേഷ്
Friday, July 4, 2025 3:01 PM IST
മാധ്യമങ്ങൾ വ്യൂവർഷിപ്പിനു വേണ്ടി എന്തും ചെയ്യുന്ന തരത്തിൽ അധഃപതിച്ചുപോകുന്നുവെന്ന് തുറന്ന് പറഞ്ഞ് സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ്. താൻ പറയുന്നത് വളച്ചൊടിക്കുന്നുവെന്ന് ആരോപിച്ചാണ് മാധ്യമങ്ങൾക്കെതിരെ മാധവ് സുരേഷ് ആഞ്ഞടിച്ചത്.
പടക്കളം എന്ന സിനിമയിൽ സന്ദീപ് പ്രദീപ് ഗംഭീര പ്രകടനമാണ് കാഴ്ചവച്ചതെന്നാണ് താൻ പറഞ്ഞതെന്നും സന്ദീപിന് പകരം താൻ ആയിരുന്നെങ്കിൽ നന്നയിരുന്നേനെ എന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്നും ആ കഥാപാത്രം താൻ ചെയ്താൽ ഇത്രയും നന്നാകുമായിരുന്നില്ല എന്നാണ് പറഞ്ഞതെന്നും മാധവ് സുരേഷ് സമൂഹമാധ്യമത്തിൽ കുറിച്ചു.
ഒന്നാമത്തെ ചിത്രത്തിൽ കാണിച്ചിരിക്കുന്നതാണ് ഞാൻ യഥാർഥത്തിൽ പോസ്റ്റ് ചെയ്തത്. രണ്ടും മൂന്നും ചിത്രങ്ങളിൽ കാണുന്ന തലക്കെട്ടുകൾ ആളുകളെ ആകർഷിക്കാനും അവരെക്കൊണ്ട് തെറിപറയിച്ച് വ്യൂവർഷിപ്പ് കൂട്ടാനുമായി ചിലമാധ്യമങ്ങൾ നടത്തുന്ന തന്ത്രങ്ങളാണ്.
ആളുകൾ ആദ്യം ചിത്രം ശ്രദ്ധിക്കുകയും അതിൽ എഴുതിയിരിക്കുന്നത് അവഗണിക്കുകയും ചെയ്യുമെന്ന് വ്യക്തമായി അറിഞ്ഞുകൊണ്ട് നടത്തുന്ന കൃത്രിമ അടിക്കുറിപ്പുകളാണ് എടുത്തത്. ഞാൻ ഇതിൽ കാണിച്ചിരിക്കുന്ന മീഡിയ പേജുകൾ കൂടാതെ എനിക്ക് സ്ക്രീൻഷോട്ട് എടുക്കാൻ കഴിയാത്ത മറ്റ് ചാനലുകളോടും കൂടിയാണ് പറയുന്നത്.
നിങ്ങൾക്ക് ലജ്ജയില്ലേ? നിങ്ങളുടെ ഗോസിപ്പുകൾക്ക് ഇരയാകുന്ന ആദ്യ വ്യക്തി ഞാനല്ല, പക്ഷേ നിങ്ങളുടെ ഇരകളിൽ അവസാനത്തേതിൽ ഒരാളാകാൻ ഞാൻ ശ്രമിക്കും, കാരണം നിങ്ങളുടെ വിവരക്കേട് കണ്ട് എനിക്ക് മടുത്തിരിക്കുന്നു. നിങ്ങളുടെയൊക്കെ അവസ്ഥ ദയനീയം തന്നെ.’ മാധവ് സുരേഷ് കുറിച്ചു.
സന്ദീപ് ഈ സിനിമയിൽ ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്, ഒരുപക്ഷേ ഞാൻ ഈ കഥാപത്രം അവതരിപ്പിച്ചിരുന്നെങ്കിൽ ഇത്രയും നന്നാകില്ലായിരുന്നു.
നമ്മുടെ മാധ്യമങ്ങളോട് ഒരു അഭ്യർത്ഥനയുണ്ട്; എല്ലായിടത്തും താരതമ്യങ്ങൾ കൊണ്ടുവരുന്നതിന് പകരം, നമ്മുടെ കലാകാരന്മാരുടെ പ്രകടനങ്ങളെ വിലകുറച്ച് കാണുന്നത് നിർത്തി, അവരെ അഭിനന്ദിക്കാൻ ശ്രമിക്കുക. ചില മാധ്യമങ്ങളുടെ തലക്കെട്ടുകൾ പങ്കുവച്ചുകൊണ്ട് മാധവ് സുരേഷ് സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.