കാട്ടാളനിൽ ഇനി "ചിറാപുഞ്ചി' പെയ്തിറങ്ങും; ഹനാൻ ഷാ അഭിനയത്തിലേയ്ക്ക്
Wednesday, July 9, 2025 12:39 PM IST
മാർക്കോ എന്ന സൂപ്പർഹിറ്റിന് ശേഷം ആന്റണി വർഗീസ് പെപ്പെയെ നായകനാക്കി ഷരീഫ് മുഹമ്മദ് നിർമിച്ച് നവാഗതനായ പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘കാട്ടാളനി’ൽ ഗായകൻ ഹനാൻ ഷാ പ്രധാന കഥാപാത്രത്തിൽ എത്തുന്നു.
‘ഇൻസാനിലെ’, ‘ചിറാപുഞ്ചി’, ‘കസവിനാൽ’ തുടങ്ങിയ ഗാനങ്ങളിലൂടെ സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കിയ ഹനാൻ ഷായുടെ സിനിമയിലേക്കുള്ള ആദ്യ ചുവടുവയ്പ്പാണിത്. ‘കാട്ടാളന്റെ വേട്ടയ്ക്ക് ഇനി ഹനാനും’ എന്ന ടാഗ് ലൈനുമായാണ് അണിയറ പ്രവര്‍ത്തകര്‍ സിനിമയുടെ പുതിയ പോസ്റ്റർ പങ്കുവച്ചത്.
2022- ല്‍ പുറത്തിറങ്ങിയ പറയാതെ അറിയാതെ എന്ന കവര്‍ ഗാനത്തിലൂടെയാണ് ഹനാന് ശ്രദ്ധ നേടിയത്. ശേഷം ഒട്ടേറെ കവര്‍ സോംഗുകളും സിംഗിളുകളും മ്യൂസിക് വീഡിയോകളും ഹനാന്‍ഷാ യൂട്യൂബ് ചാനലിലും ഇന്‍സ്റ്റഗ്രാമിലും അടക്കം പങ്കുവയ്ക്കാറുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ 2.2 മില്ല്യണിലേറെ ഫോളോവേഴ്സാണ് ഹനാനുള്ളത്.
ക്യൂബ്സ് എന്റർടെയ്ൻമെന്റ്സാണ് ചിത്രം ഒരുക്കുന്നത്. ആന്റണി വർഗീസ് പെപ്പെ നായകനായെത്തുന്ന ചിത്രത്തിൽ നായികയായെത്തുന്നത് രജിഷ വിജയനാണ്. മലയാളത്തിൽ നിന്നുള്ളവരും പാൻ ഇന്ത്യൻ താരങ്ങളും അടക്കം വലിയൊരു താരനിരയാണ് ചിത്രത്തിൽ ഒരുമിക്കുന്നത്.