രാജാവിന്റെ മകൻ എന്ന സിനിമ തിയറ്ററിലെത്തിയിട്ട് മൂന്നുപതിറ്റാണ്ട് കഴിഞ്ഞിട്ടും ആ സിനിമ മലയാളിക്ക് പ്രിയപ്പെട്ടതായി നിൽക്കുന്നു. ഒപ്പം മോഹൻലാൽ എന്ന നടനും. സംവിധായകൻ തന്പി കണ്ണന്താനം കഴിഞ്ഞ വർഷം വിട പറഞ്ഞപ്പോൾ മോഹൻലാൽ പങ്കുവച്ച ഓർമകളിലും രാജാവിന്റെ മകൻ എന്ന സിനിമ ഉണ്ടായിരുന്നു.
ഈ സിനിമ റീമേക്ക് ചെയ്യണം എന്ന മോഹം ഇപ്പോഴും അവശേഷിക്കുന്നതായി അന്ന് മോഹൻലാൽ പറഞ്ഞിരുന്നു. സിനിമയുടെ തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫും രാജാവിന്റെ മകൻ എന്ന ചിത്രത്തെപ്പറ്റി പറഞ്ഞിരുന്നു.
ഡെന്നീസ് ജോസഫിന്റെ വാക്കുകളിലൂടെ:
ഒരു നൂറാവർത്തി പറഞ്ഞ കാര്യങ്ങളാണ്. പക്ഷേ ഓരോ വർഷം കഴിയുന്പോഴും ആ ഓർമകൾ കേൾക്കാൻ ആളുകൾ കൂടുന്നത് അഭിമാനമാണ്. ഇപ്പോഴും രാജാവിന്റെ മകനെ ജനം ഇങ്ങനെ ചേർത്ത് നിർത്തുന്നത് കാണുന്പോൾ തിരക്കഥാകൃത്ത് എന്ന നിലയിൽ അതിയായ സന്തോഷമുണ്ട്.
മമ്മൂട്ടിയായിരുന്നു എന്റെ മനസിൽ രാജാവിന്റെ മകൻ. പക്ഷേ അന്ന് അദ്ദേഹത്തിന് ഡേറ്റ് ഉണ്ടായിരുന്നില്ല. കഥ ഇഷ്ടപ്പെട്ടെങ്കിലും മറ്റ് ചില പ്രശ്നങ്ങൾ കൊണ്ട് അദ്ദേഹത്തിന് ഈ സിനിമയോട് സഹകരിക്കാൻ കഴിഞ്ഞില്ല.
ഈ സിനിമ ഉണ്ടാവുന്നത് തന്നെ സംവിധായകൻ തന്പി കണ്ണന്താനത്തിന് വേണ്ടിയാണ്. ഒരു പരാജയപ്പെട്ട സംവിധായകൻ എന്ന പേര് മാറ്റിയെടുക്കണം എന്ന അദ്ദേഹത്തിന്റെ വാശിയാണ് ഈ സിനിമയുടെ ആദ്യ അടിത്തറ. സിനിമ എഴുതിത്തുടങ്ങിയപ്പോൾ തന്പിയുടെ മനസിലും എന്റെ മനസിലും മമ്മൂട്ടിയായിരുന്നു വിൻസെന്റ് ഗോമസ്.
അതിനൊപ്പം തന്പിയെ വിശ്വസിച്ച് ഒരു സിനിമ നിർമിക്കാൻ ആരും മുന്നോട്ട് വന്നില്ല. ഒടുവിൽ അദ്ദേഹം തന്നെ ഈ സിനിമ നിർമിക്കാൻ തീരുമാനിച്ചു. അപ്പോഴാണ് മമ്മൂട്ടിയുടെ ഡേറ്റ് കിട്ടാതെ വന്നത്. അന്ന് മമ്മൂട്ടി കഴിഞ്ഞാൽ രണ്ടാമത് നിൽക്കുന്നത് മോഹൻലാലാണ്. അങ്ങനെ അദ്ദേഹത്തെ കാണാൻ പോയി.
ഇപ്പോൾ ചിലർ പറയുന്നു മോഹൻലാലിനെ സൂപ്പർതാരമാക്കിയത് രാജാവിന്റെ മകനാണെന്ന്. എന്നാൽ അങ്ങനെ ഒരു അവകാശവാദം എനിക്കില്ല. അതിന് മുൻപ് തന്നെ അദ്ദേഹം വിലയുള്ള താരമായിരുന്നു. അന്ന് മമ്മൂട്ടി കഴിഞ്ഞാൽ പിന്നെ മോഹൻലാൽ എന്ന പേരായിരുന്നു എല്ലാവരുടെയും മനസിൽ.
അങ്ങനെ മോഹൻലാലിനോട് കഥ പറയാൻ ചെന്നു. പത്മരാജന്റെ ഒരു സിനിമയുടെ സെറ്റിലാണ് അന്ന് ലാൽ. ഞാൻ ആദ്യമായിട്ടാണ് ലാലിനെ കാണാൻ പോകുന്നത്. കഥ പറയാൻ എപ്പോൾ വരണമെന്ന് ചോദിച്ചപ്പോൾ അദ്ഭുതപ്പെടുത്തുന്നതായിരുന്നു മറുപടി. വേണ്ട കഥ കേൾക്കണ്ട. നിങ്ങളെ വിശ്വാസമാണ്. ഞാൻ റെഡി. ആ ഉറപ്പാണ് ഒരുപാട് പ്രതിസന്ധികൾ ഉണ്ടായിട്ടും മുന്നോട്ടുപോകാൻ തന്പിക്ക് പ്രചോദനമായത്.
സിനിമ പൂർത്തിയാകുന്പോഴേക്കും തന്പിയുടെ കാർ വരെ വിൽക്കേണ്ടി വന്നിരുന്നു. പക്ഷേ അപ്പോഴും അയാൾ പതറാതെ നിന്നത് രാജാവിന്റെ മകനിലുള്ള വിശ്വാസം കൊണ്ടായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.