നടൻ ഭരത് മുരളിയുടെ വേർപാടിന് ഇന്ന് 11 വർഷം. മലയാള സിനിമയിലെ കരുത്താർജിച്ച കഥാപാത്രങ്ങളുടെ ജീവനായിരുന്നു ഈ നടൻ. ജനനം 1954 മെയ് ഇരുപത്തിആറ് തിരുവനന്തപുരത്താണ്. മരണ പ്പെടുന്നത് 2009 ഓഗസ്റ്റ് ആറിനും. അപ്പോൾ പ്രായം അൻപത്തിയഞ്ചും.
നിയമ ബിരുദധാരിയായ മുരളി സർക്കാർ ജോലികളൊക്കെ ഉപേക്ഷിച്ചാണ് നാടക, സിനിമ വേദികളിലെത്തുന്നത്. ഭരത് ഗോപി സംവിധാനം ചെയ്ത ആദ്യ നായക സിനിമ വെളിച്ചം കാണാതെ പോയി. പിന്നെ അരവിന്ദന്റെ ചിദംബരം, ലെനിൻ രാജേന്ദ്രന്റെ മീനമാസത്തിലെ സൂര്യനും എന്തിന് ഹരിഹരന്റെ പഞ്ചാഗ്നിയും ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളായിമാറി. തുടർന്ന് ഇരുന്നൂറിൽ പരം സിനിമകൾ. ഒപ്പം തമിഴിലും തെലുങ്കിലും തിളങ്ങി മുരളിയുടെ താര മാർക്കറ്റ്.
ഭാവാഭിനയത്തിലും ശരീരമാനറിസങ്ങളിലും ശബ്ദ ഗാംഭീര്യം കൊണ്ടും കരുത്തിന്റെ പര്യായങ്ങളായ കഥാപാത്രങ്ങൾ. എൺപത്തിലും തൊണ്ണൂറുകളിലും മലയാള സിനിമക്ക് മുരളി എന്ന നടൻ അനിവാര്യമായ ഘടകമായ് മാറി. അങ്ങിനെ മലയാള സിനിമയിലെ കരുത്തനായ ജനപ്രിയനടനെന്ന ലേബൽ ജനം ഈ നടനിൽ കണ്ടു.
"ആധാര'ത്തിലെ ബാപ്പുട്ടി മുതൽ കളിക്കളം, ധനം, അമരം, താലോലം, ആകാശദൂത്, ലാൽസലാം, പത്രം, വരവേൽപ്, ചമ്പക്കുളം തച്ചൻ, കൈക്കുടന്നനിലാവ്, തൂവൽകൊട്ടാരം, ഗർഷോം, സി ഐ ഡി മൂസ, ഗ്രാമഫോൺ, നിഴൽകുത്ത്, മഞ്ചാടികുരു, നെയ്ത്തുകാരനിലെ അപ്പമേസ്ത്രിയും മികവിന്റെ അടയാളങ്ങളാക്കിയാണ് മുരളി അരങ്ങിനോട് വിടപറയുന്നത്.
മികച്ച നടനുള്ള ദേശീയ അവാർഡ്, നാലു തവണ സംസ്ഥാനത്തെ മികച്ച നടൻ, ഒട്ടേറെ സഹ നടൻ പുരസ്കാരങ്ങൾ, മറ്റു ഭാഷാ അവാർഡുകൾ. ടെലിവിഷൻ അവാർഡുകളും മുരളി സ്വന്തമാക്കി.
തികച്ചും ഇടതുപക്ഷ ചിന്താ ഗതിക്കാരനായിരുന്നു മുരളി.1999ൽ ലോകസഭ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നുവെങ്കിലും പരാജയപ്പെട്ടു. മരണ പെടുമ്പോൾ കേരള സംഗീത നാടക അക്കാദമി ചെയർമാൻ ആയിരുന്നു. ശ്രീകണ്ഠൻ നായരുടെ "ലങ്കാലക്ഷ്മി'യാണ് അവസാന സ്റ്റേജ് നാടകം. അഞ്ചോളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ മിനി.മകൾ കാർത്തിക.
ക്രൗര്യവും സ്നേഹവും പുഞ്ചിരിയും എല്ലാ ഭാവങ്ങളും മാറിമറിയുന്ന ആ പ്രതിഭ എന്നും നമ്മളിൽ ജീവിക്കട്ടെ... സ്മരണാഞ്ജലികൾ.
പ്രേംടി. നാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.