ഗീതു മോഹൻദാസ് സംവിധാനം ചെയ്ത മൂത്തോൻ എന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. നിവിൻ പോളി നായകനായ സിനിമ സ്വവർഗ പ്രണയത്തെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. സ്വവർഗപ്രണയം അതിന്റെ എല്ലാ തീവ്രതയിലും ചിത്രം കൈകാര്യം ചെയ്തിട്ടുണ്ടെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ചിത്രം പുറത്തിറങ്ങിയതോടെ ഗീതുവിനെ അഭിനന്ദിച്ച് നിരവധി ആളുകളാണ് രംഗത്തു വന്നത്.
ഇരുപത് വർഷം മുൻപ് ആത്മഹത്യ ചെയ്ത സ്വവർഗാനുരാഗിയായ ഉറ്റ സുഹൃത്ത് മൈക്കിളിന് വേണ്ടിയാണ് മൂത്തോൻ ഒരുക്കിയതെന്ന് ഗീതു പറഞ്ഞു. സിനിമ പുറത്തിറങ്ങിയതിനു ശേഷം നടന്ന ഒരു ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുന്പോഴായിരുന്നു ഗീതുവിന്റെ ഈ വെളിപ്പെടുത്തൽ.
മൂത്തോനിൽ അഭിനയിച്ച താരങ്ങളോട് പോലും പറയാത്ത ഒരു കാര്യമായിരിന്നു ഇത്. മൈക്കിൾ ഭയപ്പെടുകയും നിശ്ശബ്ദനാക്കപ്പെടുകയും ചെയ്തിരുന്നു. അവന് വേണ്ടി ഒന്നും ചെയ്തില്ലെന്ന കുറ്റബോധം എന്നെ അലട്ടിയിരുന്നു. അവന് വേണ്ടിയുള്ള ശബ്ദമാണ് മൂത്തോൻ. നിങ്ങളോരോരുത്തർക്കും വേണ്ടിയുള്ള സിനിമയാണിത്. നിങ്ങളിത് കാണണം’’- ശബ്ദമിടറിയാണ് ഗീതു ഇതു പറഞ്ഞത്.
ടൊറന്റോ ഫെസ്റ്റിവലിലും മുംബൈ ചലച്ചിത്രമേളയിലുമെല്ലാം മികച്ച പ്രതികരണം നേടിയശേഷമാണ് ഗീതു മോഹൻദാസിന്റെ മൂത്തോൻ തിയറ്ററുകളിലെത്തിയത്. ലക്ഷദ്വീപിന്റെ പശ്ചാത്തലത്തിലൊരുക്കിയ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഗീതു മോഹൻദാസ് തന്നെയാണ്. ചിത്രത്തിലെ ഹിന്ദി സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നത് ബോളിവുഡ് സംവിധായകനായ അനുരാഗ് കശ്യപാണ്.
ജെഎആർ പിക്ചേഴ്സ്, മിനി സ്റ്റുഡിയോ തുടങ്ങിയ നിർമാണ കന്പനികളുടെ ബാനറിൽ അനുരാഗ് കശ്യപ്, വിനോദ് കുമാർ, അലൻ മാക്അലക്സ്, അജയ് ജി.റായ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.