മലയാളത്തിലെ ആദ്യത്തെ ടെക്നോ ഹൊറര്‍ സിനിമയായ "ചതുര്‍മുഖം" ഇരുപത്തിഅഞ്ചാമത് ബുച്ചണ്‍ ഇന്റര്‍നാഷണല്‍ ഫന്റാസ്റ്റിക്ക് ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
വിവിധ രാജ്യങ്ങളില്‍ നിന്നും മികച്ച ഹൊറര്‍, മിസ്റ്ററി, ഫാന്റസി ജോണറിലുള്ള സിനിമകള്‍ക്കായുള്ള ഫെസ്റ്റിവലാണിത്. ദി വെയ്ലിംഗ് എന്ന പ്രസിദ്ധകൊറിയന്‍ സിനിമയുടെ സംവിധായകനായ നാ ഹോംഗ്ജിനും ‘ഷട്ടര്‍’ എന്ന ഹൊറര്‍ സിനിമയുടെ സംവിധായകനായ ബാഞ്ചോംഗ് പിസന്‍തനാകുനും ചേര്‍ന്നൊരുക്കിയ ‘ദി മീഡിയം’ ഉള്‍പ്പടെ 47 രാജ്യങ്ങളില്‍ നിന്നായി 258 സിനിമകളാണ് ഫെസ്റ്റിവലില്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
രഞ്ജീത്ത് കമല ശങ്കര്‍, സലില്‍ വി .എന്നീ നവാഗതര്‍ സംവിധാനം ചെയ്ത ചതുര്‍മുഖം ഏപ്രില്‍ എട്ടിനാണ് കേരളത്തിലെ തീയറ്ററുകളില്‍ റിലീസായത്. നല്ല റിവ്യൂസും പ്രേക്ഷകപ്രീതിയും സിനിമയ്ക്ക് ലഭിച്ചിരുന്നു. അമ്പതു ശതമാനം സീറ്റുകള്‍ മാത്രം അനുവദിച്ച സാഹചര്യത്തില്‍ പോലും നല്ല കളക്ഷനുണ്ടായിരുന്ന സിനിമ കോവിഡ് രൂക്ഷമാവുകയും സെക്കൻഡ് ഷോ നിര്‍ത്തലാക്കുകയും ചെയ്ത സാഹചര്യത്തില്‍ പ്രദര്‍ശനശാലകളില്‍ നിന്ന് പിന്‍വലിക്കുകയായിരുന്നു.
മഞ്ജുവാര്യര്‍, സണ്ണി വെയ്ന്‍, അലന്‍സിയര്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ "ചതുര്‍മുഖത്തിന്റെ തിരക്കഥയും സംഭാഷണവും അഭയകുമാര്‍ കെ, അനില്‍ കുര്യന് എന്നിവർ ചേർന്നാണ് എഴുതിയത്.
ജിസ് ടോംസ് മൂവീസ്, മഞ്ജു വാര്യര്‍ പ്രൊഡക്ക്ഷന്‍സ് എന്നീ ബാനറിൽ ജിസ് ടോംസ്, ജസ്റ്റിന് തോമസ് എന്നിവര്‍ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അഭിനന്ദന് രാമനുജം നിർവഹിക്കുന്നു. ഈമാസം രണ്ടാം വാരത്തില്‍ "ചതുര്‍മുഖം" ZEE5 HD എന്ന ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.