സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയ ന്നാ താൻ കേസ് കൊട് ചിത്രത്തിലെ ദേവദൂതർ പാടി എന്ന ഗാനത്തിന് അഭിനന്ദനവുമായി പാട്ടിന്റെ യഥാർഥ സംഗീത സംവിധായകൻ ഔസേപ്പച്ചൻ. ചാക്കോച്ചാ പൊളിച്ചൂടാ മോനേ എന്നു എഴുതിയാണ് അദ്ദേഹം കുറിപ്പ് തുടങ്ങിയിരിക്കുന്നത്.
1985ല്‍ പുറത്തിറങ്ങിയ 'കാതോടു കാതോരം' എന്ന ചിത്രത്തിലേതാണ് 'ദേവദൂതര്‍ പാടി' എന്ന ഗാനം. ഒഎന്‍വി കുറുപ്പിന്റെ അതിമനോഹരമായ വരികള്‍ക്ക് ഔസേപ്പച്ചനാണ് അന്ന് ഈണമൊരുക്കിയത്. ഗാനഗന്ധര്വന് കെ.ജെ.യേശുദാസിന്റെ ആലാപനത്തില്‍ അന്നേ ഈ ഗാനം പ്രേക്ഷക ഹൃദയം കീഴടക്കിയിരുന്നു.
ചാക്കോച്ചാ പൊളിച്ചൂടാ മോനെ പൊളിച്ചു. 37 വർഷം മുന്നേ ഞാൻ വയലിൻ വായിച്ചു കൊണ്ട് കണ്ടക്ട് ചെയ്ത ഗാനം ഇന്നും ട്രെൻഡിംഗ് ആയതിൽ സന്തോഷം. അന്ന് ഓർക്കസ്ട്രയിൽ ഒപ്പം ഉണ്ടായിരുന്നവർ കീബോർഡ് എ.ആർ.റഹ്മാൻ , ഗിറ്റാർ ജോൺ ആന്റണി, ഡ്രംസ് ശിവമണി.
അതേ ഓർക്കസ്ട്രയെ ഓർമപ്പെടുത്തുന്ന രീതിയിൽ ഓർക്കസ്ട്രേഷൻ പുനർ സൃഷ്ടിച്ചതിനൊപ്പം ബിജു നാരായണന്റെ ഹൃദയത്തിൽ തൊടുന്ന ആലാപനവും ഒത്തുചേർന്നപ്പോൾ ഗംഭീരമായി. ഔസേപ്പച്ചൻ കുറിച്ചു. ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രത്തില്‍ വീണ്ടും ഒരുക്കിയ ഈ ഗാനം ആലപിച്ചിരിക്കുന്നത് ബിജു നാരായണനാണ്. ഡോണ്‍ വിന്‍സെന്റാണ് സംഗീതം.
രതീഷ് ബാലകൃഷ്ണന് പൊതുവാള് തിരക്കഥയെഴുതി സംവിധാനം ത്രില്ലര്‍ ചിത്രമായ 'ന്നാ താന്‍ കേസ് കൊടിൽ ജീവന് എന്ന കാസര്കോഡുകാരനായാണ് കുഞ്ചാക്കോ ബോബന് എത്തുന്നത്. ബേസില്‍ ജോസഫ്, ഉണ്ണിമായ എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍. 'സൂപ്പര്‍ ഡീലക്സ്', 'വിക്രം' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ തമിഴ് നടി ഗായത്രി ശങ്കര്‍ അഭിനയിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് ന്നാ താന്‍ കേസ് കൊട് .
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.