"എടാ എന്നു വിളിച്ചാല്‍ എന്താടാ എന്ന് വിളി കേള്‍ക്കാന്‍ ഒരാളുള്ളത് നല്ലതാ... "നീ ഈ ഇടയായി ഭക്ഷണകാര്യങ്ങളിലൊന്നും തീരെ ശ്രദ്ധിക്കുന്നില്ല ദാസാ...', "അടിച്ചോ ഇനിയും അടിച്ചോ...', "മീനവിയല്‍ എന്തായോ എന്തോ...', "ഓരോന്നിനും അതിന്റെതായ സമയമുണ്ട് ദാസാ..', "ഹായ് എന്ത് മനോഹരമായ നടക്കാത്ത സ്വപ്നം...' തുടങ്ങിയ നിരവധി സംഭാഷണങ്ങള്‍ ഒരു ആവര്‍ത്തിയെങ്കിലും പറയാത്തവരോ ഇനി പറഞ്ഞില്ലെങ്കില്‍ തന്നെ അത് കേൾക്കാത്തവരോ വിരളമായിരിക്കും.
മോഹന്‍ലാല്‍-ശ്രീനിവാസന് കൂട്ടുകെട്ട് എന്നു പറയുന്നത് മലയാള സിനിമയുടെ തന്നെ കൂട്ടുകെട്ടായിരുന്നു. പൊട്ടാത്ത നൂലിഴകള്‍ പോലെ ആ കൂട്ടുകെട്ടുകള്‍ നിരവധി സിനിമകള്‍ നെയ്തുകൂട്ടി. അതെല്ലാം കണ്ട് മലയാളികള്‍ ചിരിച്ചു. വെറും ചിരിയല്ല പൊട്ടി ചിരിക്കുകയായിരുന്നു അവര്‍.
ചിരിക്കില്ല എന്നു വാശിപിടിച്ചാല്‍ പോലും നമ്മള് ചിരിച്ചു പോകുന്ന തരത്തിലുള്ള ഒരു അസാധ്യ കോമ്പിനേഷനായിരുന്നു ഇരുവരും. തൊണ്ണൂറുകളും രണ്ടായിരം വര്‍ഷങ്ങളുമൊക്കെ ലാല്‍ ശ്രീനിവാസന് എന്ന ആ കൂട്ടുകെട്ട് കൈവശപ്പെടുത്തി എന്നു വേണമെങ്കിലും പറയാം.
പിന്നീട് ഇടയ്ക്കെപ്പോഴോ സിനിമകളും അതിലേക്കുള്ള ദൂരങ്ങളും കൂടിയതായി തോന്നി. എങ്കിലും പ്രേക്ഷകര്‍ ക്ഷമയോടെ കാത്തിരുന്നു. അത്തരമൊരു പുനര്‍സൃഷ്ടിക്കായി.
സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായി കറങ്ങുന്ന ഒരു ചിത്രമുണ്ട്. ഇന്നത്തെ ചിത്രം എന്ന തലക്കെട്ടോടെ കൊടുക്കാന്‍ കഴിയുന്ന അതിസുന്ദരമായ ചിത്രം. ശ്രീനിവാസനെ ചേര്‍ത്തു നിര്‍ത്തി കവിളില്‍ ഉമ്മ കൊടുക്കുന്ന മോഹന്‍ലാല്‍.
അമ്മ അസോസിയേഷനും ഒരു സ്വകാര്യ ചാനലും ചേര്‍ന്നു നടത്തുന്ന ഷോയുടെ പ്രെമോ വീഡിയോയിലാണ് അത്തരമൊരു മനോഹര നിമിഷം പിറവിയെടുത്തത്.
ശ്രീനിവാസനെ ചേര്‍ത്തു നിര്‍ത്തി മോഹന്‍ലാല്‍ മുത്തം കൊടുക്കുന്ന ചിത്രം മകന് ധ്യാന്‍ ശ്രീനിവാസനും മറ്റ് താരങ്ങളൊക്കെയും പങ്കുവച്ചിട്ടുണ്ട്. ഇന്നത്തെ ചിത്രം എന്നാണ് എല്ലാവരും ഇതിനെ വിശേഷിപ്പിക്കുന്നത്. ഏതായാലും ആ ചിത്രം പോലെ തന്നെ ഒരു കഥ പറയാനുണ്ടാകട്ടെ, ഒരു സിനിമ ഉണ്ടാകട്ടെ..
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.