മോഹൻലാലിനെ കുറിച്ച് ഒരു അഭിമുഖത്തിൽ ശ്രീനിവാസൻ പറഞ്ഞ പ്രസ്താവനകൾ കഴിഞ്ഞദിവസങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരുന്നു. എന്നാൽ അത്തരം പ്രസ്താവനകൾ തന്നെ ഏറെ വേദനിപ്പിച്ചുവെന്ന് തുറന്നു പറയുകയാണ് ശ്രീനിവാസന്റെ മകൻ ധ്യാൻ ശ്രീനിവാസൻ.
അച്ഛൻ പറഞ്ഞത് സത്യമായാലും അസത്യമായാലും ഇക്കാര്യം ഇപ്പോൾ പറയേണ്ട ആവശ്യകതയെന്തായിരുന്നുവെന്നാണ് ധ്യാൻ ചോദിക്കുന്നത്. മൈൽസ്റ്റോൺ മേക്കേഴ്സ് എന്ന യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് ധ്യാൻ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
മലയാളത്തിലെ ഏറ്റവും വലിയ രണ്ട് ആളുകൾക്കിടയില് നടന്നൊരു സംസാരമാണത്. അതിനെക്കുറിച്ച് പറയാൻ നമ്മളാരുമല്ല. ഈ സംഭവം ഉണ്ടാകുന്ന ദിവസം ഞാനൊരു യാത്രയിലായിരുന്നു. ഭാര്യയും മോളും കൂടെയുണ്ട്. അപ്പോഴാണ് ഈ വാർത്ത ഞാൻ കാണുന്നത്.
നെഗറ്റിവ് മീഡിയ ഇൻഫ്ലുവൻസ് എന്നൊരു കാര്യമുണ്ട്. എല്ലാവരും അങ്ങനെ കണ്ടന്റ് ഇടുന്ന ആളുകളല്ല. ടോക്സിക്ക് ആയ ഒരു കാര്യം കിട്ടി കഴിഞ്ഞാൽ അതിനെ വിവാദമാക്കി വലുതാക്കി മാറ്റും.
നമ്മൾ പറയുമ്പോഴേ അത് വലുതാകൂ എന്നത് മറ്റൊരു കാര്യം. അങ്ങനെയുള്ള ടോക്സിക്ക് കണ്ടന്റിനാണ് റീച്ചും കൂടുതൽ. അതൊരു ഹ്യൂമൻ സൈക്കോളജിയാണ്.
രാവിലെ എഴുന്നേറ്റു വരുമ്പോൾ നെഗറ്റിവ് കണ്ടന്റ് ആണെങ്കിൽ ആ ദിവസം തന്നെ പോകും. നമ്മൾ കേൾക്കുന്നതും വായിക്കുന്നതുമായ വാർത്തകൾ നെഗറ്റിവ് ആണെങ്കിൽ അത് നമ്മുടെ ചിന്തകളെയൊക്കെ ബാധിക്കും.
ആ ദിവസം ചിലപ്പോൾ നമുക്കൊരു മോശം ദിവസമാകും. അങ്ങനെയുള്ള ചില ഓൺലൈൻ സൈറ്റുകളുമുണ്ട്. അവർ ഇങ്ങനെ നെഗറ്റിവ് വാർത്തകൾ മാത്രമാകും പടച്ചുവിടുക. അങ്ങനെയൊരു വാർത്ത എന്നെയും ബാധിച്ചു.
അച്ഛൻ ലാൽ സാറിനെ ഹിപ്പോക്രാറ്റ് എന്ന് വിളിച്ചു എന്ന വാർത്ത വായിച്ച എനിക്കാണ് അന്ന് വിഷമം ഉണ്ടായത്. എന്റെ ഒരു ദിവസമാണ് സ്പോയിൽ ചെയ്തത്. ഇപ്പോ എന്തിന് അങ്ങനെ പറയേണ്ട കാര്യം, എന്തിനു വേണ്ടി അങ്ങനെ പറഞ്ഞു എന്നൊക്കെ ആലോചിച്ചായിരുന്നു എനിക്ക് വിഷമം.
നമ്മൾ അത്രയും ഇഷ്ടപെടുന്ന രണ്ട് ആളുകളാണ് രണ്ടുപേരും. അതിൽ ഒരാൾ അങ്ങനെ പറയുന്ന സമയത്ത് കേൾക്കുന്ന നമുക്കാണ് വിഷമം ഉണ്ടാകുന്നത്. മഴവിൽ മനോരമ ഷോയിൽ പോയപ്പോൾ ഇരുവരും ഒന്നിച്ചുള്ളൊരു ഫോട്ടോ കിട്ടിയപ്പോൾ അത് ഷെയർ ചെയ്തൊരാളാണ് ഞാൻ.
അത്രയ്ക്ക് സന്തോഷം ഉള്ളതുകൊണ്ടാണ് ആ ഫോട്ടോ ഷെയർ ചെയ്തത്. അതുകഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷമാണ് അച്ഛൻ ഇങ്ങനെ പറഞ്ഞതായി ന്യൂസ് വരുന്നത്.
അത് സത്യമോ അസത്യമോ ആകട്ടെ, (അച്ഛൻ കള്ളം പറയാറില്ല) അത് ഇപ്പോൾ പറയുന്നത് എന്തിനാണെന്ന് നമുക്ക് തോന്നിപോകും. അത് വായിക്കുന്ന നമുക്ക് ഉണ്ടാകുന്ന വിഷമമുണ്ട്. ആ ദിവസം തന്നെ എന്റെ പോയി.
നമുക്ക് നല്ലത് പറയാൻ വേണ്ടി വായ തുറക്കാം. പറഞ്ഞത് ഹിപ്പോക്രസിയെക്കുറിച്ചാണ്. ഹിപ്പോക്രസി എന്നാൽ കാപട്യം എന്നാണ് അർഥം. ലോകത്തിൽ ഉള്ള എല്ലാവരും ഹിപ്പോക്രൈറ്റ്സ് ആണ്, രാഷ്ട്രീയക്കാരെല്ലാം ഹിപ്പോക്രൈറ്റ്സ് ആണ്.
അങ്ങനെയല്ലാത്ത മനുഷ്യന്മാരില്ല. പണ്ടെങ്ങോ ലാൽ സർ വളരെ പേഴ്സനൽ ആയി അച്ഛനോടു പറഞ്ഞൊരു കാര്യമാകാം. ‘സരോജ് കുമാർ’ എടുത്തു കഴിഞ്ഞ് അവർക്കിടയിൽ ഒരു വിള്ളൽ സംഭവിച്ചിട്ടുണ്ടെന്ന് നമുക്കറിയാം.
അച്ഛനോട് ലാൽസാർ പണ്ടെങ്ങോ പറഞ്ഞൊരു കാര്യം വർഷങ്ങൾക്കിപ്പുറം അച്ഛൻ പറയുമ്പോൾ അത് പറഞ്ഞ ആൾക്കോ കേട്ട ലാൽ സാറിനോ ഇല്ലാത്ത വിഷമം ഇത് കേൾക്കുന്ന മലയാളികളായ നമുക്കാണ്.
കാരണം ഇവരുടെ സൗഹൃദം അറിയാന്നുവരാണ് നമ്മൾ. അച്ഛൻ ഇപ്പോൾ ഇങ്ങനെ പറയേണ്ട കാര്യമുണ്ടോ എന്ന് തോന്നും. ലാൽ സർ അത് പറഞ്ഞിട്ടുണ്ടോ എന്ന് അറിയില്ല. അന്നത്തെ ലാൽ സാറിന്റെ പ്രായം കൂടി നോക്കണം. അങ്ങനെ ഉണ്ടെങ്കിൽ തന്നെ അതിപ്പോൾ പറയേണ്ട യാതൊരു ആവശ്യവും ഇല്ല.
എന്തായാലും അച്ഛൻ കാരണം എന്റെ അന്നത്തെ ദിവസം പോയി. അതിൽ യാതൊരു മാറ്റവും ഇല്ല. ചിലപ്പോൾ അവർ ഒരുമിച്ചൊരു സിനിമ ഇനി ഉണ്ടാകാം. അത് ഞാൻ ഒരുപാട് ആഗ്രഹിക്കുന്നുണ്ട്. ഇതുപോലുള്ള നെഗറ്റിവ് കണ്ടന്റുകൾ നമ്മളെയൊക്കെ ബാധിക്കുന്നുണ്ട് എന്നതാണ് ഞാൻ പറഞ്ഞുവന്നത്.
വർഷങ്ങൾക്ക് മുമ്പുള്ള കാര്യം ഇപ്പോൾ പറയുന്നതിൽ എന്ത് പ്രസക്തി ആണുള്ളത്. അത് അച്ഛൻ പറയേണ്ടിയിരുന്നില്ല. അച്ഛൻ പറഞ്ഞത് തെറ്റോ ശരിയോ എന്നുള്ളത് രണ്ടാമത്തെ കാര്യം. എനിക്കു വിഷമമുണ്ടായി എന്നതാണ് ഇവിടെ പ്രധാനം.
ഓൺലൈനിൽ വാർത്തകണ്ട ശേഷം അർപ്പിതയോട് പറഞ്ഞത് ‘വി ആർ ഗോയിംഗ് ഓൺ എയർ നൗ ’ എന്ന്. പിന്നെ എയറായിരുന്നു ഞങ്ങളുടെ കുടുംബം മൊത്തം. ദ് റെബൽ ഈസ് ബാക്ക് എന്നതാണ് ഇതുകൊണ്ട് മനസ്സിലാകുന്നത്. ആരോഗ്യപരമായ കാര്യങ്ങൾ മറ്റുള്ളവരെക്കുറിച്ച് പറയാം, പക്ഷേ ഇത് എല്ലാ പരിതികൾക്കും അപ്പുറമായിപോയി.
ഇതൊക്കെ പറയാന് നീ ആരടാ എന്നു ചോദിച്ചാൽ, മോഹൻലാലിന്റെയും ശ്രീനിവാസന്റെയും ഏറ്റവും വലിയ ഫാൻ ആണ് ഞാൻ എന്നു മറുപടി പറയും. ഹിപ്പോക്രാറ്റ് ആണെന്ന് അറിഞ്ഞതിനു ശേഷവും ഇവർ ഒരുമിച്ച് സിനിമ ചെയ്തില്ലേ?
നീ ഹിപ്പോക്രാറ്റ് ആണ്, ഞാൻ നിന്നോടൊപ്പം സിനിമ ചെയ്യില്ല എന്ന് തീരുമാനിച്ചാൽ പോരെ. അതിനുശേഷവും ഇവർ എത്ര സിനിമകൾ ചെയ്തു. ഇവർക്കിടയിൽ നല്ല സുഹൃത്തുക്കളുണ്ട്. അവർ ഇടപെട്ട് ഈ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നുണ്ട് എന്നാണ് എനിക്ക് അറിയാൻ കഴിഞ്ഞത്.
ഇവർ ഒരുമിച്ച് ഒരു സിനിമ ചെയ്യണം എന്നൊക്കെ എനിക്ക് ആഗ്രഹമുണ്ട്. അതുകൊണ്ടാണ് ഞാൻ ഇത് ഇന്ന് പറയുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചർച്ച ചെയ്യുന്ന വിഷയമിതാണ്. ഇക്കാര്യം ലാൽ സർ വളരെ മനോഹരമായി അവഗണിച്ചു എന്നതാണ് ഏറ്റവും വലിയ കാര്യം. കാരണം മോഹൻലാൽ എന്ന നടന് ശ്രീനിവാസൻ എന്ന നടനെ അറിയാം.
ഇതിൽ ഏറ്റവും വലിയ രസവുമുണ്ട്. നിങ്ങളിലൊരാൾ സ്വന്തം അച്ഛനെക്കുറിച്ച് ഇങ്ങനെ പറഞ്ഞാൽ അടിച്ചു പുറത്താക്കില്ലേ? അവിടെയാണ് ശ്രീനിവാസൻ എന്ന വ്യക്തിയെ മനസ്സിലാക്കേണ്ടത്. പുള്ളി മക്കൾക്കു തന്ന ഒരു സ്വാതന്ത്യമുണ്ട്.
എന്റെ അഭിപ്രായം ഞാൻ പറഞ്ഞു. ആ സ്വാതന്ത്യം എന്നും എനിക്കുണ്ട്. ഞാൻ നാളെ വീട്ടിൽ പോകുന്നുണ്ട്. ചെറിയ പേടിയുണ്ട്. പക്ഷേ ഇതിനെക്കുറിച്ച് അദ്ദേഹം സംസാരിക്കുക പോലുമില്ല എന്നത് എനിക്കുറിപ്പുണ്ട്. ഇങ്ങനെ ഞാൻ പറഞ്ഞാലേ ചിലപ്പോള് പുള്ളി സംസാരിക്കാതിരിക്കൂ. അത്ര വലിയ മനുഷ്യനാണ് അദ്ദേഹം. ധ്യാൻ ശ്രീനിവാസൻ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.