മമ്മൂട്ടി പന്ത് തട്ടി "ആട്ടക്കള' തുടങ്ങി
Tuesday, May 30, 2023 7:55 PM IST
കൊച്ചി: ഗോത്രവർഗ സമൂഹത്തിൽ നിന്നും കൂടുതൽ ഫുട്ബോൾ താരങ്ങളെ വാർത്തെടുക്കുന്നതിനും ഇവർക്കിടയിൽ ലഹരി ഉപയോഗം തടയുന്നതിനും ലക്ഷ്യമിട്ടുള്ള "ആട്ടക്കള' പദ്ധതിക്ക് തുടക്കമായി. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയാണ് ഏലൂർ ഗ്രൗണ്ടിൽ പരിപാടി ഉദ്ഘാടനം ചെയ്തത്.
ഇന്ത്യൻ ഫുട്ബോൾ താരങ്ങളായ സി.കെ.വിനീത്, റിനോ ആന്റോ, മുഹമ്മദ് റാഫി, അനസ് എടത്തൊടിക എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തനമാരംഭിക്കുന്ന 13 th ഫൗണ്ടേഷനിലൂടെയാണ് ആദിവാസി വിഭാഗത്തിലെ കുട്ടികൾക്ക് ഫുട്ബോൾ പരിശീലനം സാധ്യമാക്കുന്നത്.
ഫൗണ്ടേഷന്റെ ഉദ്ഘാടനവും കുട്ടികൾക്കായുള്ള ഫുട്ബോൾ പരിശീലനത്തിന്റെ ഔദ്യോഗിക തുടക്കവും മമ്മൂട്ടി നിർവഹിച്ചു. വിനീഷ്, സതീഷ്, ചിഞ്ജിത് എന്നീ കുട്ടിത്താരങ്ങൾ താരരാജാവിൽ നിന്ന് ഫുട്ബോൾ ഏറ്റുവാങ്ങി.
13 th ഫൗണ്ടേഷനും മമ്മൂട്ടിയുടെ കെയർ ആന്റ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും ചേർന്ന് F13 അക്കാദമിയുടെ സഹായത്തോടെയാണ് ആട്ടക്കള പരിപാടി സംഘടിപ്പിച്ചത്. കൊച്ചി സിറ്റി പോലീസ് അസിസ്റ്റന്റ് കമ്മീഷണർ പി. രാജ്കുമാർ പരിപാടിയിൽ പങ്കെടുത്തു.